വിശാഖപട്ടണം: ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങിയ ആദ്യ ടെസ്റ്റില്‍ തന്നെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടി രോഹിത് ശര്‍മ അപൂര്‍വ റെക്കോര്‍ഡിട്ടത് ആരാധകര്‍ മറന്നുകാണില്ല. ഓപ്പണറായുള്ള അരങ്ങേറ്റം കസറിയെങ്കിലും വിശാഖപ്പട്ടണത്ത് രോഹിത്തിന്റെ പേരിലായ നാണക്കേടിന്റെ റെക്കോര്‍ഡ് അധികം ആരും ശ്രദ്ധിച്ചുകാണില്ല.

ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജിനെ സിക്സറടിക്കാനുള്ള ആവേശത്തില്‍ ക്രീസില്‍ നിന്ന് ചാടിയിറങ്ങിയ രോഹിത്തിനെ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡീകോക്ക് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ട് ഇന്നിംഗ്സിലും ഒരു ബാറ്റ്സ്മാന്‍ സ്റ്റംപിംഗിലൂടെ പുറത്താവുന്നത് അപൂര്‍വമല്ലെങ്കിലും ഒരു ബൗളറുടെ പന്തില്‍ ഒരേ വിക്കറ്റ് കീപ്പര്‍ തന്നെ രണ്ട് തവണയും പുറത്താക്കുന്നത് 80 വര്‍ഷത്തിനുശേഷം ആദ്യമാണ്.

1939ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇംഗ്ലണ്ടിന്റെ വാലി ഹാമണ്ടാണ് ഇത്തരത്തില്‍ ഒരു ബൗളറുടെ പന്തില്‍ രണ്ട് ഇന്നിംഗ്സിലും സ്റ്റംപിംഗിലൂടെ പുറത്തായ അവസാന ബാറ്റ്സ്മാന്‍. ഇതിന് മുമ്പ് 22 തവണ ഇത്തരത്തില്‍ ബാറ്റ്സ്മാന്‍മാര്‍ പുറത്തായിട്ടുണ്ടെങ്കിലും ഹാമണ്ടിനുശേഷം പുറത്താവുന്നത് രോഹിത് ശര്‍മയാണ്. രോഹിത് അടിച്ചുകൂട്ടിയെ റെക്കോര്‍ഡുകള്‍ക്കിടെ അധികമാരും ശ്രദ്ധിക്കാതെ പോയ റെക്കോര്‍ഡ്.