ഇത് എം എസ് ധോണിയുടെ അവസാന ഐപിഎല്‍ ആയിരിക്കുമെന്നത് കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷമായി താന്‍ കേള്‍ക്കുന്ന കാര്യമാണെന്ന് രോഹിത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഇനിയും രണ്ടോ മൂന്നോ വര്‍ഷം കൂടി കളിക്കാനുള്ള കായികക്ഷമത ധോണിക്കുണ്ടെന്നും രോഹിത് വ്യക്തമാക്കി.

മുംബൈ: ഐപിഎല്‍ ആവേശപ്പൂരത്തിന് തിരികൊളുത്താന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമാണ് ബാക്കിയുള്ളത്. 31ന് നിലവിലെ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരത്തോടെയാണ് ഐപിഎല്ലിന്‍റെ പതിനാറാം സീസണ് തുടക്കമാകുന്നത്. കൊവിഡ് കാരണം കാണികളില്ലാതെ നടന്ന മൂന്ന് ഐപിഎല്‍ സീസണുകള്‍ക്ക് ശേഷം കാണികളുടെ ആരവത്തില്‍ ഐപിഎല്‍ നടക്കാന്‍ പോകുന്നതിന്‍റെ ആവേശത്തിലാണ് ആരാധകരും. ഇത്തവണ വീണ്ടും ഹോം എവേ മത്സരങ്ങളും ആരാധകര്‍ക്ക് കാണാനാവും.

ഐപിഎല്ലില്‍ ഏറ്റവും അധികം ആരാധക പിന്തുണയുള്ള ടീമുകളിലൊന്നായ ചെന്നൈ സൂപ്പര്‍ കിംഗ്സ് തങ്ങളുടെ നായകന്‍ എം എസ് ധോണിയുടെ അവസാന ഐപിഎല്‍ അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലുമാണ്. കഴിഞ്ഞ സീസണിലാണ് ധോണി അടുത്ത സീസണില്‍ ചെന്നൈയുടെ ഹോം ഗ്രൗണ്ടില്‍ സ്വന്തം ആരാധകര്‍ക്ക് മുമ്പില്‍ മത്സരിച്ച് വിരമിക്കാനാണ് ആഗ്രഹമെന്ന് തുറന്നു പറഞ്ഞത്. എന്നാല്‍ ഈ സീസണോടെ വിരമിക്കുമെന്ന് ധോണി ഔദ്യോഗികമായി പറഞ്ഞിട്ടില്ലെങ്കിലും ഇത്തവണ ധോണിയുടെ അവസാന ഐപിഎല്‍ ആകുമെന്ന് ആരാധകരും ചെന്നൈ ടീമും വിശ്വസിക്കുന്നു.

ഇതിനിടെ ഇത് ധോണിയുടെ അവസാന ഐപിഎല്ലാണോ എന്ന ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് നായകമായ രോഹിത് ശര്‍മ. ഇത് എം എസ് ധോണിയുടെ അവസാന ഐപിഎല്‍ ആയിരിക്കുമെന്നത് കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷമായി താന്‍ കേള്‍ക്കുന്ന കാര്യമാണെന്ന് രോഹിത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഇനിയും രണ്ടോ മൂന്നോ വര്‍ഷം കൂടി കളിക്കാനുള്ള കായികക്ഷമത ധോണിക്കുണ്ടെന്നും രോഹിത് വ്യക്തമാക്കി.

ധോണിയോ കോലിയോ ഒന്നുമല്ല, ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരത്തെ തെരഞ്ഞെടുത്ത് അനില്‍ കുംബ്ലെ

ഈ സീസണോടെ ഐപിഎല്ലില്‍ നിന്ന് വിരമിക്കുമെന്ന് ധോണി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 41 കാരനായ ധോണിയുടെ അവസാന ഐപിഎല്‍ ആയിരിക്കും ഇത്തവണത്തേത് എന്നു തന്നെയാണ് കരുതുന്നതെന്ന് സിഎസ്കെ പ്രതിനിധി ഇന്‍സൈഡ് സ്പോര്‍ട്ടിനോട് പറഞ്ഞു. വിരമിക്കുന്ന കാര്യം ധോണി ചെന്നൈ ടീം മാനേജ്മെന്‍റിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും ചെന്നൈ ആരാധകരെ സംബന്ധിച്ചിടത്തോളം കളിക്കാരനെന്ന നിലയില്‍ ധോണിയെ ഗ്രൗണ്ടില്‍ കാണാന്‍ കിട്ടുന്ന അവസാന അവസരമായിരിക്കും ഇതെന്നും ടീം പ്രതിനിധി പറഞ്ഞു.

കഴിഞ്ഞ സീസണില്‍ രവീന്ദ്ര ജഡേജയെ ക്യാപ്റ്റനായി ചെന്നൈ തലമുറ മാറ്റത്തിന്‍റെ സൂചനകള്‍ നല്‍കിയെങ്കിലും പിന്നീട് ധോണി തന്നെ നായകസ്ഥാനം ഏറ്റെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്സ് ടീമിലുള്ളതിനാല്‍ ധോണി വിരമിക്കുകയാണെങ്കില്‍ അടുത്ത സീസണിലേക്ക് സ്റ്റോക്സിനെ നായക സ്ഥാനത്തേക്ക് ചെന്നൈ പരിഗണിക്കാനുള്ള സാധ്യതയുണ്ട്. യുവതാരം റതുരാജ് ഗെയ്ക്‌വാദ് ആണ് ചെന്നൈ നായക സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റൊരു താരം.