2011 ലോകകപ്പില്‍ നിന്ന് തഴയപ്പെട്ടത് ഹൃദയം തകര്‍ത്തു, രക്ഷിച്ചത് യുവിയുടെ വാക്കുകള്‍, വെളിപ്പെടുത്തി രോഹിത് ശര്‍മ്മ
ബെംഗളൂരു: ലോകകപ്പ് ടീം സെലക്ഷനില്‍ നിന്ന് പുറത്താകുന്നതിന്‍റെ വിഷമം നന്നായി അറിയാമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. 2011 ഏകദിന ലോകകപ്പ് സ്ക്വാഡില്‍ ഇടംനേടാന്‍ കഴിയാതിരുന്നത് ഹൃദയം തകര്‍ത്തെന്നും യുവ്‌രാജ് സിംഗിന്‍റെ വാക്കുകളാണ് അതില്‍ നിന്ന് രക്ഷ നല്‍കിയത് എന്നും രോഹിത് വ്യക്തമാക്കി.
'2011 ലോകകപ്പിന് എന്നെ സെലക്ടര്‍മാര്‍ തെരഞ്ഞെടുക്കാതിരുന്നത് ഹൃദയഭേദകമായ കാര്യമായിരുന്നു. ലോകകപ്പ് സ്ക്വാഡില്‍ നിന്ന് പുറത്താകുമ്പോഴുള്ള വിഷമം അന്ന് അറിഞ്ഞു. ആര് സ്‌ക്വാഡില്‍ നിന്ന് പുറത്തായാലും അതിനൊരു കാരണമുണ്ടാകും. ഭാഗ്യമില്ലായ്‌മയാണ് എങ്കില്‍ നമുക്ക് ഒന്നും ചെയ്യാനില്ല. ഞാനന്ന് നിരാശയോടെ മുറിയിലിരിക്കുകയായിരുന്നു. എന്താണ് അടുത്തത് എന്ന് എനിക്ക് അറിയില്ല. എന്നെ തന്‍റെ റൂമിലേക്ക് യുവി വിളിച്ചതും ഡിന്നറിനായി ക്ഷണിച്ചതും ഓര്‍ക്കുന്നു. ടീമില്‍ ഉള്‍പ്പെടാണ്ടിരിക്കുമ്പോഴുള്ള സങ്കടത്തെ കുറിച്ച് അദേഹം വിശദീകരിച്ചു. നിനക്ക് മുന്നില്‍ ഏറെ വര്‍ഷങ്ങളുടെ കരിയറുണ്ട് എന്നതാണ് ഏറ്റവും പ്രധാന കാര്യം എന്ന് എനിക്ക് പറഞ്ഞുതന്നു. ഞങ്ങള്‍ ലോകകപ്പ് കളിക്കുമ്പോള്‍ നീ നിന്‍റെ ഗെയിം മെച്ചപ്പെടുത്തുന്നതിനായി കഠിനാധ്വാനം ചെയ്യണം എന്നും അതിലൂടെ ശക്തമായി തിരിച്ചെത്തണമെന്നും പറഞ്ഞു. ഇന്ത്യക്കായി വീണ്ടും കളിക്കില്ലായെന്നും ഇനിയൊരു ലോകകപ്പില്‍ അവസരം ലഭിക്കില്ല എന്നും ഒരിക്കലും പറയാനാവില്ല എന്നും പറഞ്ഞുതന്നു. ഞാന്‍ തിരികെ നെറ്റ്‌സിലേക്ക് പോയി കഠിന പരിശീലനം നടത്തി, ശക്തമായ തിരിച്ചുവരവ് നടത്തി. അതിന് ശേഷം പിന്തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ലോകകപ്പ് സ്ക്വാഡില്‍ നിന്ന് ഒഴിവാക്കപ്പെടുന്നത് എത്രത്തോളം സങ്കടകരമാണെന്ന് എനിക്കറിയാം' എന്നും രോഹിത് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
തൊട്ടടുത്ത 2015ലെ ഏകദിന ലോകകപ്പില്‍ 8 കളികളില്‍ 330 റണ്‍സുമായി ഇന്ത്യയുടെ രണ്ടാമത്തെ റണ്‍വേട്ടക്കാരനായി രോഹിത് ശര്‍മ്മ മാറുന്നതാണ് പിന്നീട് ആരാധകര്‍ കണ്ടത്. 2019 ലോകകപ്പിലാവട്ടെ അഞ്ച് സെഞ്ചുറികള്‍ സഹിതം 648 റണ്‍സുമായി ആ ലോകകപ്പിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായി. ഈ ലോകകപ്പിലും ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷകളിലൊന്നാണ് ഹിറ്റ്‌മാന്‍. മുപ്പത്തിയാറുകാരനായ രോഹിത് 244 ഏകദിനത്തിൽ നിന്ന് 30 സെഞ്ചുറിയോടെ ആകെ 9837 റൺസ് നേടിയിട്ടുണ്ട്. 30 സെഞ്ചുറിയും മൂന്ന് ഇരട്ട സെഞ്ചുറിയും 48 അര്‍ധസെഞ്ചുറികളും ഏകദിനത്തില്‍ രോഹിത്തിനുണ്ട്.
Read more: 'ക്രിക്കറ്റ് ലോകകപ്പ് എത്തിയാൽ അവന്‍റെ വിധം മാറും'; ടോപ് സ്കോററെ പ്രവചിച്ച് വീരേന്ദർ സെവാഗ്
