Asianet News MalayalamAsianet News Malayalam

അത് നീതികേടല്ലേ? ഷനകയ്‌ക്കെതിരായ റണ്ണൗട്ട് അപ്പീല്‍ പിന്‍വലിക്കാനുണ്ടായ കാരണം വ്യക്തമാക്കി രോഹിത് ശര്‍മ

രോഹിത് ശര്‍മയെ അഭിനന്ദിച്ച് മുന്‍ ശ്രീലങ്കന്‍ താരം സനത് ജയസൂര്യ രംഗത്തെത്തിയിരുന്നു. ലങ്കന്‍ ടെസറ്റ് താരം എയ്ഞ്ചലോ മാത്യൂസും രോഹിത്തിനായി കയ്യടിച്ചു.
 

Rohit Sharma reveals why India withdrew run-out appeal against Shanaka
Author
First Published Jan 11, 2023, 10:30 AM IST

ഗുവാഹത്തി: ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ 67 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സ് നേടി. സെഞ്ചുറി നേടിയ വിരാട് കോലിയാണ് (113) ഇന്ത്യയുടെ ടോപ് സ്‌കോര്‍. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സ് നേടനാണ് സാധിച്ചത്. 108 റണ്‍സുമായി ലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക പുറത്താവാതെ നിന്നു. 

എന്നാല്‍, മുഹമ്മദ് ഷമിയെറിഞ്ഞ അവസാന ഓവറില്‍ ഷനകയെ പുറത്താക്കാമായിരുന്നു. നാലാം പന്തില്‍ ഷമി മങ്കാദിംഗ് റണ്ണൗട്ടിലൂടെ താരത്തെ പുറത്താക്കി. പിന്നാലെ ഫീല്‍ഡ് അംപയര്‍ തീരുമാനം തേര്‍ഡ് അംപയര്‍ക്ക് വിട്ടു. ഉടനെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇടപെടുകയും ഷമിയുടെ അപ്പീല്‍ പിന്‍വലിക്കുകയും ചെയ്തു. ഇപ്പോള്‍ എന്തുകൊണ്ടാണ് അപ്പീല്‍ പിന്‍വലിപ്പിച്ചെന്ന് പറയുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. 

അത്തരമൊരു രീതിയിലല്ല താരത്തെ പുറത്താക്കേണ്ടതെന്ന തോന്നിയെന്ന് രോഹിത് മത്സരശേഷം പറഞ്ഞു. അദ്ദേഹത്തിന്റെ വിശദീകരണം.. ''മുഹമ്മദ് ഷമിയുടെ റണ്ണൗട്ടിനെ കുറിച്ച് എനിക്കൊരു സൂചനയും ഇല്ലായിരുന്നു. കശുന്‍ ഷനക 98 റണ്‍സില്‍ നില്‍ക്കുമ്പോഴായിരുന്നു അത്. മനോഹമായി അദ്ദേഹം ബാറ്റ് ചെയ്തു. അത്തരത്തിലൂടെയല്ല ഷനകയെ പുറത്താക്കേണ്ടത്. അങ്ങനെ ഞങ്ങള്‍ ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു. ഷനക ഗംഭീരമായിട്ടാണ് കളിച്ചത്.'' രോഹിത് വിശദമാക്കി. 

ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ കുറിച്ചും രോഹിത് സംസാരിച്ചു. ''ഞങ്ങള്‍ക്ക് നന്നായി ബാറ്റ് ചെയ്യാനായി. എല്ലാവരില്‍ നിന്നും നിര്‍ണായകമായ സംഭാവനയുണ്ടായി. എല്ലാ താരങ്ങള്‍ക്കും കളിക്കാന്‍ വേണ്ട അടിത്തറ ഒരുക്കിയിരുന്നു. ഞങ്ങള്‍ നന്നായി പന്തെറിയണമായിരുന്നുവെന്ന് എനിക്ക് തോന്നി. എന്നാല്‍ ഗ്രൗണ്ടിലെ സാഹചര്യം ഒരിക്കലും എളുപ്പമല്ലായിരുന്നു. ഈര്‍പ്പമുളള സാഹചര്യത്തില്‍ പന്തെറിയുക വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. എപ്പോഴും ആശിച്ച മത്സരഫലം ലഭിക്കണമെന്നില്ല. ചിലയിടങ്ങളില്‍ ഗ്രൂപ്പായിട്ട് തന്നെ ജോലി ചെയ്യണം. എല്ലാതാരങ്ങളുടേയും കൂട്ടായ ശ്രമമാണ് വിജയത്തിന് വേണ്ടത്. ആദ്യ ഏകദിനത്തില്‍ അതുകണ്ടു.'' രോഹിത് പറഞ്ഞു.

രോഹിത് ശര്‍മയെ അഭിനന്ദിച്ച് മുന്‍ ശ്രീലങ്കന്‍ താരം സനത് ജയസൂര്യ രംഗത്തെത്തിയിരുന്നു. ലങ്കന്‍ ടെസറ്റ് താരം എയ്ഞ്ചലോ മാത്യൂസും രോഹിത്തിനായി കയ്യടിച്ചു.

Follow Us:
Download App:
  • android
  • ios