Asianet News MalayalamAsianet News Malayalam

മുംബൈ ഇന്ത്യന്‍സിന്‍റെ കടുംവെട്ട്, ചിത്രത്തില്‍ നിന്നും രോഹിത് ശര്‍മ്മ ഔട്ട്! വിവാദം, ആളിക്കത്തി ആരാധകരോക്ഷം

മുംബൈ ഇന്ത്യന്‍സില്‍ കലാപമൊഴിയുന്നില്ല, ഇനിയും അപമാനം സഹിച്ച് രോഹിത് ശര്‍മ്മ നില്‍ക്കണ്ട എന്ന് ആരാധകരുടെ ഉപദേശം 
 

Rohit Sharma sacked from posters too fans blast Mumbai Indians for this latest tweet
Author
First Published Jan 14, 2024, 10:39 AM IST

മുംബൈ: രോഹിത് ശര്‍മ്മയെ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കി പുലിവാല്‍ പിടിച്ച മുംബൈ ഇന്ത്യന്‍സിന്‍റെ പുതിയ ട്വീറ്റ് വിവാദമാക്കി ആരാധകര്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്ക്വാഡ് മുംബൈ ഇന്ത്യന്‍സ് എക്‌സില്‍ പങ്കുവെച്ചപ്പോള്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ചിത്രം ഒഴിവാക്കിയതാണ് ആരാധകരുടെ പ്രതിഷേധത്തിന് കാരണം. കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുമ്ര, ശ്രേയസ് അയ്യര്‍ എന്നിവരാണ് മുംബൈ ഇന്ത്യന്‍സ് പങ്കുവെച്ച പോസ്റ്ററില്‍ ഇടംപിടിച്ചത്. പോസ്റ്ററില്‍ നിന്ന് രോഹിത്തിനെ ഫ്രാഞ്ചൈസി മനപ്പൂര്‍വം ഒഴിവാക്കിയതാണ് എന്ന് ആരാധകര്‍ ആരോപിക്കുന്നു. 

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് സ്ക്വാഡിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ് എന്ന ചോദ്യത്തോടെയായിരുന്നു താരങ്ങളുടെ പട്ടിക മുംബൈ ഇന്ത്യന്‍സ് എക്‌സില്‍ പങ്കുവെച്ചത്. #OneFamily #INDvENG എന്നീ ഹാഷ്ടാഗുകളും ഇതിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ മുംബൈ ഇന്ത്യന്‍സ് പങ്കുവെച്ച പോസ്റ്ററില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ ചിത്രം ഇല്ലാതെപോയി. ക്യാപ്റ്റന് പകരം കെ എല്‍ രാഹുലിനെ പ്രധാനിയാക്കിയാണ് മുംബൈ ഇന്ത്യന്‍സ് പോസ്റ്റര്‍ തയ്യാറാക്കിയത്. ഇതിനെ ചോദ്യം ചെയ്‌താണ് ആരാധകര്‍ ഫ്രാഞ്ചൈസിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തെത്തിയത്. 

എവിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍? ഇത്രയും അപമാനം സഹിച്ച് രോഹിത് മുംബൈ ഇന്ത്യന്‍സില്‍ തുടരേണ്ടില്ല. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ പോസ്റ്ററില്‍ നിന്നും തല വെട്ടിയോ? മുംബൈ ഇന്ത്യന്‍സില്‍ നിന്ന് സ്വയം വിട്ടുപോകാന്‍ രോഹിത് ഇനിയെങ്കിലും തീരുമാനമെടുക്കണം... എന്നിങ്ങനെ നീളുന്ന അതിരൂക്ഷ വിമര്‍ശനമാണ് മുംബൈ ഇന്ത്യന്‍സിന്‍റെ ട്വീറ്റിന് താഴെ രോഹിത് ശര്‍മ്മയുടെ ആരാധകര്‍ ഉയര്‍ത്തിയത്. 

ഐപിഎല്‍ 2024 സീസണിന് മുന്നോടിയായി രോഹിത് ശര്‍മ്മയെ മാറ്റി ഹാര്‍ദിക്ക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് നായകനാക്കിയത് വലിയ വിവാദമായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരുന്ന ഹാര്‍ദിക്കിനെ 2023 അവസാനം നടന്ന ട്രേഡിലൂടെ സ്വന്തമാക്കിയ ശേഷം രോഹിത്തിന് പകരം ക്യാപ്റ്റനായി അപ്രതീക്ഷിത പ്രഖ്യാപനം മുംബൈ ഇന്ത്യന്‍സ് നടത്തുകയായിരുന്നു. രോഹിത്തിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം തെറിച്ചതിനെ ചൊല്ലി മുംബൈ ടീമില്‍ തമ്മിലടി രൂക്ഷമാണ് എന്നാണ് ഇപ്പോഴും റിപ്പോര്‍ട്ടുകള്‍. 10 സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ച രോഹിത് ശര്‍മ്മ അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ ടീമിന് സമ്മാനിച്ചിരുന്നു. രോഹിത്തിനെ ഫ്രാഞ്ചൈസിയുടെ നായകസ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ഇന്ത്യന്‍ ടെസ്റ്റ് സ്ക്വാഡിനെ കുറിച്ചുള്ള പോസ്റ്ററില്‍ നിന്നും തഴഞ്ഞത് ഹിറ്റ്‌മാനോട് ഫ്രാഞ്ചൈസിക്കുള്ള നീരസം തുടരുന്നതിന്‍റെ തെളിവായാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. 

Read more: മഴ തീർന്നാൽ കുടയൊരു ബാധ്യതയല്ലേയെന്ന് പൊള്ളാര്‍ഡ്, മുംബൈ ടീമില്‍ തമ്മിലടി രൂക്ഷം; ഒളിയമ്പെയ്ത് ഇതിഹാസതാരവും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios