എന്നാല്‍ നാലാം ദിനം 84 റണ്‍സിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ടിലൂടെ ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷകള്‍ അവസാനിപ്പിച്ചശേഷം അനാവശ്യ ഷോട്ടിലൂടെ യശസ്വി പുറത്തായത് മറുവശത്ത് നിന്ന ക്യാപ്റ്റന്‍ രോഹിത്തിനെ ശരിക്കും നിരാശയിലാക്കി.
റാഞ്ചി: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നാക്കിന്‍റെ ചൂടറിഞ്ഞവര്‍ നിരവധിയുണ്ട്. മൂന്നാം ദിനം സില്ലി പോയന്‍റില്‍ ഹെല്‍മെറ്റിടാതെ ഫീല്‍ഡ് ചെയ്യാന്‍ നിന്ന യുവതാരം സര്‍ഫറാസ് ഖാനാണ് രോഹിത്തിന്‍റെ ചീത്ത കേട്ടതെങ്കില്‍ നാലാം ദിനം അത് മറ്റൊരു യുവതാരം യശസ്വി ജയ്സ്വാളിനായിരുന്നു.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 40 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്. മൂന്നാം ദിനം തകര്‍ത്തടിക്കാന്‍ ശ്രമിച്ച യശസ്വിയോട് ശ്രദ്ധിച്ചു കളിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതുപോലെ ചെയ്ത യശസ്വിയെ നോക്കി രോഹിത് ചിരിയോടെ തംസ് അപ് കാണിച്ചിരുന്നു.
എന്നാല്‍ നാലാം ദിനം 84 റണ്‍സിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ടിലൂടെ ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷകള്‍ അവസാനിപ്പിച്ചശേഷം അനാവശ്യ ഷോട്ടിലൂടെ യശസ്വി പുറത്തായത് മറുവശത്ത് നിന്ന ക്യാപ്റ്റന്‍ രോഹിത്തിനെ ശരിക്കും നിരാശയിലാക്കി. ജോ റൂട്ടിന്‍റെ പന്തില്‍ ആക്രമിച്ചു കളിക്കാന്‍ ശ്രമിച്ചപ്പോള്‍ രോഹിത് യശസ്വിയോട് ശ്രദ്ധിച്ചു കളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ പറഞ്ഞത് കേള്‍ക്കാതെ ആക്രമിക്കാന്‍ ശ്രമിച്ച യശസ്വി ജെയിംസ് ആന്‍ഡേഴ്സണ് ക്യാച്ച് നല്‍കി മടങ്ങി.
ഇതോടെ ദേഷ്യവും നിരാശയും പ്രകടമാക്കി രോഹിത് ബാറ്റ് പിടിച്ച് തലകുനിച്ച് നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ക്യാപ്റ്റന്‍ പറഞ്ഞത് കേള്‍ക്കാതെ പുറത്തായ യശസ്വിയാകട്ടെ ക്യാപ്റ്റന്‍റെ മുഖത്തുപോലും നോക്കാന്‍ ധൈര്യമില്ലാതെ കയറിപ്പോകുകയും ചെയ്തു. ടെസ്റ്റിന്‍റെ ആദ്യ ദിനം ഡ്രസ്സിംഗ് റൂം ഗ്യാലറിയില്‍ നില്‍ക്കെ ആരാധിക രോഹിത്തിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ തനിക്കും പേടിയാണെന്ന് യശസ്വി വിളിച്ചു പറയുന്നതിന്‍റെ വീഡിയോയും കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു.
