Asianet News MalayalamAsianet News Malayalam

ധോണി പറഞ്ഞത് അനുസരിച്ചിരുന്നെങ്കില്‍ അന്ന് ഇരട്ട സെഞ്ചുറി നേടില്ലായിരുന്നു; വെളിപ്പെടുത്തലുമായി രോഹിത് ശര്‍മ

ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ചുറികള്‍ നേടിയ താരമാണ് രോഹിത് ശര്‍മ. ഇന്ത്യയുടെ ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ സച്ചിനും സെവാഗിനും ശേഷം ഇരട്ട സെഞ്ചുറികള്‍ നേടിയ താരവും രോഹിത് തന്നെ.
 

rohit sharma talking on his first double hundred
Author
Mumbai, First Published May 20, 2020, 11:00 AM IST

മുംബൈ: ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ചുറികള്‍ നേടിയ താരമാണ് രോഹിത് ശര്‍മ. ഇന്ത്യയുടെ ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ സച്ചിനും സെവാഗിനും ശേഷം ഇരട്ട സെഞ്ചുറികള്‍ നേടിയ താരവും രോഹിത് തന്നെ. 2013ല്‍ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു രോഹിത്തിന്റെ ആദ്യ ഇരട്ട സെഞ്ചുറി. ആദ്യ ഇരട്ട സെഞ്ചുറിയെ കുറിച്ച് രസകരമായ വിവരം പുറത്തുവിട്ടിരിക്കുകയാണ് രോഹിത്. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ ആര്‍ അശ്വിനുമായി ഇന്‍സ്റ്റഗ്രാം ചാറ്റില്‍ സംസാരിക്കുകയായിരുന്നു രോഹിത്.

ക്യാപ്റ്റനായിരുന്ന എം എസ് ധോണി പറഞ്ഞതിന് ചെവികൊടുത്തിരുന്നില്ലെന്ന് രോഹിത് വ്യക്തമാക്കി. ''ധോണിയായിരുന്നു ഇരട്ട സെഞ്ചുറി നേടുമ്പോള്‍ എന്റെ കൂടെയുണ്ടായിരുന്നത്. ബുദ്ധിമുട്ടേറിയ ഷോട്ടുകള്‍ കളിക്കരുതെന്നും അവസാനം വരെ ക്രീസില്‍ നില്‍ക്കാനുമായിരുന്നു ധോണിയുടെ നിര്‍ദേശം. എന്നാല്‍ എന്റെ മനസില്‍ മറ്റൊന്നായിരുന്നു. അത് ശരിയാവില്ലെന്ന് ഞാന്‍ ധോണിയോട് പറഞ്ഞു. എനിക്ക് നന്നായി പന്ത് കാണുന്നുണ്ട്. ടൈമിംഗോടെ ബാറ്റ് ചെയ്യാനും സാധിക്കുന്നുണ്ടെന്ന് ഞാന്‍ ധോണിക്ക് മറുപടി നല്‍കി. എന്റെ ആത്മവിശ്വാസം ഫലം കാണുകയും ചെയ്തു. ധോണിയുടെ വാക്കുകള്‍ കേട്ടിരുന്നെങ്കില്‍ ഒരുപക്ഷേ എനിക്ക് ഇരട്ട സെഞ്ചുറി നേടാന്‍ കഴിയുമായിരുന്നില്ല. സേവിയര്‍ ഡൊഹേര്‍ട്ടിക്കെതിരെ ഒരോവറില്‍ നാലു സിക്സറുകള്‍ നേടിയത് ഇപ്പോഴും ഓര്‍ക്കുന്നു.'' രോഹിത് പറഞ്ഞു.

ഇരട്ട സെഞ്ചുറി നേടാന്‍ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.  ''കൂടുതല്‍ സമയം ബാറ്റ് ചെയ്യുകയെന്നത് മാത്രമായിരുന്നു ലക്ഷ്യം. മത്സരത്തിന്റെ തുടക്കത്തില്‍ ചെറിയ മഴയുണ്ടായിരുന്നു. കളി കുറച്ചു സമയം നിര്‍ത്തി വയ്ക്കുമ്പോള്‍ ശിഖര്‍ ധവാനായിരുന്നു ക്രീസില്‍. വൈകാതെ അവന്‍ പുറത്തായി. വിരാട് കോലലി റണ്ണൗട്ടാവുകയും ചെയ്തു. ഇതോടെ താന്‍ ഇന്നിങ്സിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു.'' രോഹിത് പറഞ്ഞുനിര്‍ത്തി.

Follow Us:
Download App:
  • android
  • ios