മുംബൈ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം നടക്കേണ്ട ടി20 ലോകകപ്പും ഐപിഎല്ലും അനിശ്ചിതത്തിലാണ്. ഏതെങ്കിലും ഒന്ന് മാത്രമെ ഈ വര്‍ഷം നടക്കൂവെന്നുള്ളതാണ് പരക്കെയുള്ള വിശ്വാസം. ലോകകപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവെക്കുകയാണെങ്കില്‍ ഐപിഎല്‍ നടത്തുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. 

എന്നാല്‍ ഈ വര്‍ഷം രണ്ടും കളിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ പറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി ലൈവില്‍ സംസാരിക്കുകയായിരുന്നു രോഹിത്. ''ഈ വര്‍ഷം തന്നെ രണ്ട് ടൂര്‍ണമെന്റുകളും കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'' രോഹിത് പറഞ്ഞു.

ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ പകല്‍-രാത്രി ടെസ്റ്റ് ഇന്ത്യക്ക് കനത്ത വെല്ലുവിളിയാണെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. ''ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ പകല്‍- രാത്രി ടെസ്റ്റ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്.'' നാല് ടെസ്റ്റുകളാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുക. 

ധോണിയെ ഒറ്റവാക്കില്‍ എന്ത് വിളിക്കുമെന്ന് ചോദിച്ചപ്പോള്‍, ഇതിഹാസം എന്നായിരുന്നു രോഹിത്തിന്റെ മറുപടി.