അഹമ്മദാബാദ്: ദീര്‍ഘകാലങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഓപ്പണറായി കളിക്കുന്നത്. പുറത്താവാതെ 80 റണ്‍സ് നേടിയ കോലി ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത് ശര്‍മയ്‌ക്കൊപ്ം 94 റണ്‍സും കൂട്ടിച്ചേര്‍ത്തു. വരും മത്സരങ്ങളില്‍ രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യവും കോലി വ്യക്തമാക്കി. മാത്രമല്ല, ഇത്തവണ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഓപ്പണറും താനായിരിക്കുമെന്ന് കോലി മത്സരശേഷം പറഞ്ഞിരുന്നു. ഇതില്‍ നിന്നെല്ലാം കോലി നല്‍കുന്ന സൂചന ടി20 ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യുമെന്ന് തന്നെയാണ്.

എന്നാലിപ്പോള്‍ രോഹിത് ശര്‍മ പറയുന്നത് കോലിയുടെ ഓപ്പണിംഗ് സ്ഥാനം ഉറപ്പാക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ്. മത്സരശേഷമാണ് രോഹിത് ഇക്കാര്യം വ്യക്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടി20യില്‍ കോലിയുടെ ഓപ്പണര്‍ സ്ഥാനം താല്‍കാലികമായിരുന്നുവെന്നാണ് രോഹിത് പറയുന്നത്. ''ഇംഗ്ലണ്ടിനെതിരെ നിര്‍ണായക മത്സരത്തില്‍ മികച്ച ഇലവനെ ഇറക്കാനാണ് ശ്രമിച്ചത്. കാരണം ഒരു എക്സ്ട്രാ ബൗളറെ കളിപ്പിക്കാനായിരുന്നു തീരുമാനം. അതിന് ഒരാള്‍ പുറത്തിരിക്കണമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അത് കെ എല്‍ രാഹുലായിരുന്നു. രാഹുലിനെ മാറ്റാനുള്ള തീരുമാനമെടുക്കല്‍ പ്രയാസകരമായിരുന്നു.

അതിനര്‍ഥം രാഹുലിനെ ഇനി പരിഗണിക്കില്ലെന്നോ, മറ്റി നിര്‍ത്തുമെന്നോ അല്ല. എന്നാല്‍ ആ ദിവസത്തെ മാറ്റം മായിരുന്നത്. ലോകകപ്പിനുള്ള ബാറ്റിങ് ലൈനപ്പിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ കാര്യങ്ങള്‍ മാറ്റം വന്നേക്കാം. എപിഎല്ലിന് ഇടയില്‍ ഒരുപാട് സമയമുണ്ട്. മാത്രമല്ല, ലോകകപ്പിന് മുന്‍പ് വേറെ ടി20 പരമ്പരയും ഉണ്ടായേക്കും. അതുകൊണ്ട് തന്നെ ലോകകപപ്പ് ഇലവനെ കുറിച്ച് ഇപ്പോഴും പറയാറായിട്ടില്ല. അതിന് ഇനിയും സമയമുണ്ട്. കോ്ലി ബാറ്റിങ് പൊസിഷനില്‍ മുകളിലേക്ക് കയറിയത് ടീം തന്ത്രത്തിന്റെ ഭാഗമായാണ്.'' രോഹിത് വ്യക്തമാക്കി.

അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ 3-2ന് സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയാണ് ഇനി ബാക്കിയുള്ളത്. ചൊവ്വാഴ്ചയാണ് പരമ്പര ആരംഭിക്കുക.