വിരാട് കോലിക്ക് 35 ഉം, രോഹിത് ശര്‍മ്മയ്ക്ക് 37 ഉം വയസാണ് ഇപ്പോള്‍ പ്രായം

ദില്ലി: ശിഖര്‍ ധവാന്‍ വിരമിച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ മറ്റ് സീനിയര്‍ താരങ്ങളുടെ ഭാവിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. സീനിയര്‍ ബാറ്റര്‍മാരായ വിരാട് കോലിയും രോഹിത് ശര്‍മ്മയും ഇനി എത്രകാലം രാജ്യാന്തര ക്രിക്കറ്റ് കളിക്കും എന്നതാണ് ചോദ്യം. ഇരുവരും ഇതിനകം രാജ്യാന്തര ടി20 മതിയാക്കിയിട്ടുണ്ട്. എന്നാല്‍ ഇരു ഇതിഹാസങ്ങളും ഇനിയുമേറെ ക്രിക്കറ്റ് ടീം ഇന്ത്യക്കായി കളിക്കാനുണ്ട് എന്നാണ് ഇന്ത്യന്‍ മുന്‍ താരവും ബാറ്റിംഗ് കോച്ചുമായിരുന്ന സഞ്ജയ് ബംഗാര്‍ പറയുന്നത്. 

വിരാട് കോലിക്ക് 35 ഉം, രോഹിത് ശര്‍മ്മയ്ക്ക് 37 ഉം വയസാണ് ഇപ്പോള്‍ പ്രായം. വെസ്റ്റ് ഇന്‍ഡീസ് വേദിയായ ട്വന്‍റി 20 ലോകകപ്പില്‍ ടീം ഇന്ത്യ കിരീടമുയര്‍ത്തിയതോടെ ഇരുവരും രാജ്യാന്തര ടി20 മതിയാക്കിയിരുന്നു. മറ്റ് ഫോര്‍മാറ്റുകളില്‍ രോഹിത്തും കോലിയും ഇനിയെത്ര കാലം കളിക്കും? ഈ ചോദ്യത്തിന് മുന്‍ മാതൃകകള്‍ സഹിതം മറുപടി നല്‍കുകയാണ് സഞ്ജയ് ബംഗാര്‍. 

'ഫിറ്റ്‌നസുള്ള കാലത്തോളം രോഹിത് ശര്‍മ്മ ഇന്ത്യക്കായി കളിക്കും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കാരണം, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 40 വയസ് വരെ കളിച്ചു. രാഹുല്‍ ദ്രാവിഡും 40 വയസിന് അടുത്തുവരെ മികച്ച ഫിറ്റ്‌നസോടെ മൈതാനത്തുണ്ടായിരുന്നു. താരങ്ങളുടെ കരിയര്‍ ഏറെക്കാലം കൂടുതലുണ്ടാകും. വിരാട് കോലിയുടെ രാജ്യാന്തര കരിയറും ഫിറ്റ്നസും ആരോഗ്യവും അനുസരിച്ചിരിക്കും. ടെസ്റ്റായിരിക്കും വിരാട് അവസാനം കളി മതിയാക്കാന്‍ പോകുന്ന കരിയര്‍. അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി അതിനാല്‍ കോലി ടെസ്റ്റിലുണ്ടാകും എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നതായും' സഞ്ജയ് ബംഗാര്‍ ഒരു പോഡ്‌കാസ്റ്റില്‍ പറഞ്ഞു. 2023 ഏകദിന ലോകകപ്പില്‍ ടീം ഇന്ത്യ കിരീടം നേടിയിരുന്നുവെങ്കില്‍ രോഹിത് ശര്‍മ്മ ഏകദിനം മതിയാക്കുമായിരുന്നെന്ന് ഞാന്‍ കരുതുന്നില്ലെന്നും ബംഗാര്‍ കൂട്ടിച്ചേര്‍ത്തു.

Read more: വനിതാ ട്വന്‍റി 20 ലോകകപ്പ്: ഇന്ത്യന്‍ ടീമില്‍ രണ്ട് മലയാളികള്‍, അഭിമാനമായി ആശ ശോഭന, സജന സജീവന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം