ബെംഗളൂരു: അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമെന്ന നേട്ടത്തിലെത്താന്‍ രോഹിത് ശര്‍മ്മയ്ക്ക് ഇനിയും കാത്തിരിക്കണം. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്നാണിത്. ഏകദിന ലോകകപ്പിന് മുന്‍പ് ഇന്ത്യക്ക് ടി20 പരമ്പരളൊന്നും അവശേഷിക്കുന്നില്ല. 

അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ സിക്‌സുകള്‍ പറത്തുന്ന താരമെന്ന നേട്ടത്തിലെത്താന്‍ ഇന്ത്യയുടെ ഹിറ്റ്മാ‌ന് രണ്ട് സിക്സുകള്‍ കൂടി മതി. 103 സിക്‌സുകള്‍ വീതമുള്ള വിന്‍ഡീസ് വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്‌ലും ന്യൂസീലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലുമാണ് രോഹിത് ശര്‍മ്മയ്ക്ക് മുന്നിലുള്ളത്. 

അന്താരാഷ്ട്ര ടി20യില്‍ ഇവര്‍ മൂന്ന് പേര്‍ മാത്രമാണ് 100ലേറെ സിക്‌സുകള്‍ നേടിയിട്ടുള്ളത്. യുവ്‌രാജ് സിംഗ്(74) മാത്രമാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍. അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ റണ്‍സ് നേടിയ താരം കൂടിയാണ് രോഹിത്.