കഴിഞ്ഞ രണ്ട് വര്‍ഷവും രോഹിത് നയിച്ച മുംബൈ ഇന്ത്യന്‍സിന്റെ (Mumbai Indians) താരമായിരുന്നു ബോള്‍ട്ട്. ഇത്തവണ ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി മുംബൈ താരത്തെ കൈവിട്ടിരുന്നു.

വെല്ലിംഗ്ടണ്‍: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനായി അരങ്ങേറ്റത്തിനൊരുങ്ങുന്ന രോഹിത് ശര്‍മയെ (Rohit Sharma) പ്രകീര്‍ത്തിച്ച് ന്യൂസിലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ട് (Trent Boult). കഴിഞ്ഞ രണ്ട് വര്‍ഷവും രോഹിത് നയിച്ച മുംബൈ ഇന്ത്യന്‍സിന്റെ (Mumbai Indians) താരമായിരുന്നു ബോള്‍ട്ട്. ഇത്തവണ ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി മുംബൈ താരത്തെ കൈവിട്ടിരുന്നു. 

രോഹിത്തിന് കീഴില്‍ ടീം ഇന്ത്യക്ക് തിളങ്ങാന്‍ സാധിക്കുമെന്നാണ് ബോള്‍ട്ട് പറയുന്നത്. ''രോഹിത്തിന പരിചയസമ്പത്തുണ്ട്. മുംബൈ ഇന്ത്യന്‍സിനെ നിരവധി നേട്ടങ്ങളിലേക്ക് നയിക്കാന്‍ രോഹിത്തിനായി. സമ്മര്‍ദ്ദത്തെ അനായാസം കൈകാര്യം ചെയ്യാന്‍ രോഹിത്തിനറിയാം. രോഹിത്തിനൊപ്പം നിരവധി മത്സരങ്ങള്‍ കളിച്ച പേസ് ബൗളറെന്ന നിലയില്‍ എനിക്കത് മനസ്സിലാവും. ഐപിഎല്ലിലെ പരിചയസമ്പത്തും അദ്ദേഹത്തിന് ഗുണം ചെയ്യും.

മുംബൈ ഇന്ത്യന്‍സില്‍ രോഹിത്തിന് കീഴില്‍ കളിച്ചത് ഞാന്‍ ആസ്വദിച്ചിരുന്നു. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി തന്ത്രങ്ങള്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ഞാന്‍ നിരീക്ഷിക്കാറുണ്ടായിരുന്നു. ഇന്ത്യന്‍ ടീമിനെ അദ്ദേഹം ഏത് വിധത്തില്‍ നയിക്കുന്നതെന്നുള്ളത് വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രോഹിത് പരിചയസമ്പന്നനാണ്. അദ്ദേഹത്തിനു കീഴില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനം പുറത്തെടുക്കുമെന്നുറപ്പുണ്ട്.'' ബോള്‍ട്ട് പറഞ്ഞുനിര്‍ത്തി. 

വിരാട് കോലിക്ക് കീഴില്‍ ഞാന്‍ കളിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തെ കുറിച്ച് കൂടുതലൊന്നും പറയാന്‍ കഴിയില്ലെന്നും ബോള്‍ട്ട് വ്യക്തമാക്കി. എന്നാല്‍ കോലി കരുത്തനായ താരമാണെന്നും ബോള്‍ട്ട് കൂട്ടിച്ചേര്‍ത്തു. 

സൗത്താഫ്രിക്കയ്ക്കതിരേ ജനുവരിയില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലാണ് അദ്ദേഹം അടുത്തതായി ടീമിനെ നയിക്കുക. ഇതും മൂന്നു മല്‍സരങ്ങളുടെ പരമ്പര തന്നെയാണ്.