2020ല്‍ 15 മത്സരങ്ങളില്‍ നിന്ന് ഇത്രയും തന്നെ വിക്കറ്റുകള്‍ വീഴ്ത്താനും രാഹുലിന് സാധിച്ചിരുന്നു. ഇത്തവണയും മികച്ച പ്രകടനം നടത്തുകയാണ് ലക്ഷ്യമെന്ന് രാഹുല്‍ പറയുന്നു.
ചെന്നൈ: അരങ്ങേറ്റ ഐപിഎല്ലില്‍ വെറും മൂന്ന് മത്സരങ്ങള്‍ മാത്രമാണ് രാഹുല്‍ ചാഹര്‍ കളിച്ചിരുന്നത്. പിന്നീടുള്ള സീസണില്‍ മുംബൈ ഇന്ത്യന്‍സിലെത്തിയ 21 കാരന്‍ ടീമിന്റെ ഒഴിവാക്കാന്‍ പറ്റാത്ത താരമായി. 2020ല്‍ 15 മത്സരങ്ങളില്‍ നിന്ന് ഇത്രയും തന്നെ വിക്കറ്റുകള്‍ വീഴ്ത്താനും രാഹുലിന് സാധിച്ചിരുന്നു. ഇത്തവണയും മികച്ച പ്രകടനം നടത്തുകയാണ് ലക്ഷ്യമെന്ന് രാഹുല്‍ പറയുന്നു.
രോഹിത് ശര്‍മ ഈ സീസണില്‍ തന്നെ ആറാം ഐപിഎല്‍ കിരീടം നേടുമെന്നും രാഹുല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. രാഹുലിന്റെ വാക്കുകള്‍... ''എനിക്ക് ഉറപ്പുണ്ട്, ഈ സീസണില്‍ തന്നെ മുംബൈ ഇന്ത്യന്‍സ് ആറാം ഐപിഎല്‍ കിരീടം ഉയര്‍ത്തുമെന്ന്. എല്ലാവരും മികച്ച ഫോമിലാണ്. പ്രത്യേകിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്, ക്രുനാല്‍ പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ തുടങ്ങിയവര്‍. ശക്തമായ ടീമാണ് മുംബൈയുടേത്. ആറാം കിരീടം ഉയര്‍ത്താനുള്ള ശേഷി ടീമിനുണ്ട്. എനിക്ക് ഉറപ്പാണ് രോഹിത്തിന് അതിന് കഴിയും.
ടീമിനൊപ്പം മറ്റൊരു നല്ല സീസണാണ് ഞാനും ലക്ഷ്യമിടുന്നത്. മികച്ച കോച്ചിംഗ് സ്റ്റാഫാണ് മുംബൈക്കുള്ളത്. സഹീര്‍ ഖാന്‍, മഹേല ജയവര്‍ധനെ എന്നിവരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് കളിക്കാന്‍ കഴിയുന്നത് അനുഗ്രഹമാണ്. രോഹിത്തും ഹാര്‍ദിക്കും പൊള്ളാര്‍ഡും മികച്ച താരങ്ങളാണ്. മത്സരത്തിന്റെ ഫലം മാറ്റാനുള്ള കഴിവ് അവര്‍ക്കുണ്ട്.
ഇവരെ കൂടാതെ സൂര്യകുമാര്‍, ഇഷാന്‍ കിഷന്‍ എന്നിവരും അവരുടെ ഭാഗം കളിക്കും. അവര്‍ മികച്ച ഫോമിലുമാണ്.'' രാഹുല്‍ പറഞ്ഞുനിര്‍ത്തി. വെള്ളിയാഴ്ച്ചയാണ് ഐപിഎല്ലിന് തുടക്കമാവുന്നത്. ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും.
