ബം​ഗ്ലാദേശിനെതിരെയുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ട് ഇന്നിം​ഗ്സുകളിലും പരാജയപ്പെട്ട നായകൻ കെ എൽ രാഹുലിന് വീണ്ടും ‌ഒരു അവസരം ലഭിക്കുമെന്ന് ഇതോടെ ഉറപ്പായി.

മുംബൈ: പരിക്കേറ്റ രോഹിത് ശര്‍മ്മ ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റിലും കളിക്കില്ല. മുംബൈയിൽ തന്നെ തുടരാന്‍ രോഹിത് തീരുമാനിച്ചതായി ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ചയാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്. ബംഗ്ലാദേശിലെ രണ്ടാം ഏകദിനത്തിനിടെ വിരലിന് പരിക്കേറ്റ രോഹിത്തിന് ആദ്യ ടെസ്റ്റും നഷ്ടമായിരുന്നു. രോഹിത് പിന്മാറിയതോടെ ടീം തെരഞ്ഞെടുപ്പിലെ തലവേദന ഇന്ത്യക്ക് ഒഴിഞ്ഞു. രോഹിത് ബംഗ്ലാദേശിൽ തിരിച്ചെത്തിയിരുന്നെങ്കില്‍ ആദ്യ ടെസ്റ്റിൽ നായകനായ കെ എൽ രാഹുലിനെയോ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലിനെയോ ഒഴിവാക്കേണ്ടി വരുമായിരുന്നു.

ബം​ഗ്ലാദേശിനെതിരെയുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ട് ഇന്നിം​ഗ്സുകളിലും പരാജയപ്പെട്ട നായകൻ കെ എൽ രാഹുലിന് വീണ്ടും ‌ഒരു അവസരം ലഭിക്കുമെന്ന് ഇതോടെ ഉറപ്പായി. രണ്ട് ഇന്നിം​ഗ്സുകളിലും ഖാലിദ് അഹമ്മദിന് വിക്കറ്റ് നൽകിയാണ് രാഹുൽ മടങ്ങിയത്. ആദ്യ ഇന്നിം​ഗ്സിൽ 22 റൺസ് എടുത്തപ്പോൾ അടുത്ത അവസരത്തിൽ ഒരു റൺ കൂടെ അധികം ചേർക്കാൻ രാഹുലിന് സാധിച്ചു. വിക്കറ്റ് നഷ്ടപ്പെടാതെയിരിക്കാൻ അമിതമായി പ്രതിരോധത്തിൽ ഊന്നി കളിച്ചിട്ടും രാഹുൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാത്തത് ആരാധകരെ ചൊടിപ്പിച്ചിരുന്നു.

തുടർച്ചയായ അഞ്ച് ടെസ്റ്റ് ഇന്നിം​ഗ്സുകളിൽ 30 പോലും കടക്കാൻ സാധിക്കാത്ത രാഹുലിലാണോ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി എന്ന് വരെ ആരാധകർ ചോദിക്കുന്നുണ്ട്. ബം​ഗ്ലാദേശിനെതിരെയുള്ള അവസാന ഏകദിനത്തിൽ ഇന്ത്യ നാനൂറിൽ അധികം സ്കോർ ചെയ്തപ്പോഴും രാഹുൽ നിരാശപ്പെടുത്തിയിരുന്നു. അപ്പോഴും ആരാധകർ കടുത്ത വിമർശങ്ങളാണ് ഉന്നയിച്ചത്. അതേസമയം, ശ്രീലങ്കയ്ക്കെതിരെ അടുത്തമാസം നാട്ടിൽ നടക്കുന്ന ഏകദിന, ട്വന്‍റി 20 പരമ്പരകളിൽ രോഹിത് കളിക്കുമെന്നാണ് സൂചന. ബം​ഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ 188 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്. ഏകദിന പരമ്പര നഷ്ടപ്പെട്ട ഇന്ത്യക്ക് ആശ്വാസം നൽകുന്ന വിജയമാണ് ആദ്യ ടെസ്റ്റിൽ ലഭിച്ചത്. 

അർജന്റീന താരങ്ങൾ ഓപ്പൺ ബസിൽ സഞ്ചരിക്കുന്നതിനിടെ കുറുകെ കേബിൾ; ആഘോഷത്തിനിടെ ഒഴിവായത് വൻ അപകടം