റിഷഭ് പന്തിന് അപകടം സംഭവിച്ചതിന് ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ ഒരുപാട് ചിത്രങ്ങളും വീഡിയോകളുമാണ് രാവിലെ മുതല്‍ പ്രചരിക്കുന്നത്.

ദില്ലി: ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് സംഭവിച്ച കാറപകടത്തിന്‍റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. താരം അപകടനില തരണം ചെയ്തിട്ടുണ്ട്. എത്രയും വേഗം പന്തിന് ക്രിക്കറ്റ് പിച്ചിലേക്ക് തിരികെയെത്താന്‍ കഴിയട്ടേ എന്ന പ്രാര്‍ത്ഥനയിലാണ് ക്രിക്കറ്റ് ആരാധകര്‍. റിഷഭ് പന്തിന് അപകടം സംഭവിച്ചതിന് ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ ഒരുപാട് ചിത്രങ്ങളും വീഡിയോകളുമാണ് രാവിലെ മുതല്‍ പ്രചരിക്കുന്നത്. ഈ വിഷയത്തില്‍ കടുത്ത പ്രതികരണമാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീം നായകന്‍ രോഹിത് ശര്‍മ്മയുടെ ഭാര്യ റിതിക നടത്തിയിരിക്കുന്നത്.

അപകടത്തില്‍പ്പെട്ട ഒരാളുടെ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെക്കുറിച്ച് ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് റിതിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അവര്‍ക്കും കുടുംബവും കൂട്ടുകാരുമുണ്ടെന്നും അത്തരം ചിത്രങ്ങള്‍ അവരെ എത്രത്തോളും വിഷമിപ്പിക്കുമെന്നും ഓര്‍ക്കണമെന്ന് റിതിക പറഞ്ഞു. അതേസമയം, കാറപകടത്തില്‍ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ബിസിസിഐ പുറത്തുവിട്ടിരുന്നു.

ഹമ്മദ്പൂര്‍ ഝാലിന് സമീപം റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ റിഷഭ് പന്ത് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഡിവൈഡറില്‍ ഇടിച്ച കാര്‍ പൂര്‍ണമായും കത്തിനശിച്ചു. അപകടസമയത്ത് കാറില്‍ ക്രിക്കറ്റ് താരം തനിച്ചായിരുന്നു. പന്തിന്‍റെ നെറ്റിയില്‍ രണ്ട് മുറിവുകളുണ്ടെന്ന് ബിസിസിഐ അറിയിച്ചു. വലത് കാൽമുട്ടിലെ ലിഗമെന്‍റിന് പരിക്കുണ്ട്. കൂടാതെ, വലതു കൈത്തണ്ട, കണങ്കാൽ, കാൽവിരല്‍ എന്നിവയ്ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

താരം ഇതിനകം അപകടനില തരണം ചെയ്തിട്ടുണ്ട്. എംആര്‍ഐ സ്കാനിന്‍റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ. രാവിലെ 5.30ന ഉത്തരാഖണ്ഡില്‍ നിന്ന് ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. നിലവിൽ റിഷഭിനെ ചികിത്സിക്കുന്ന ഡോക്ടർമാരുമായും മെഡിക്കല്‍ സംഘവുമായി ബിസിസിഐ നിരന്തരം ബന്ധപ്പെടുന്നുണ്ട്. അപകടത്തിന്‍റെ ആഘാതത്തില്‍ നിന്ന് താരത്തിന് പുറത്ത് വരാന്‍ താരത്തിന് സാധ്യമായ ഏറ്റവും മികച്ച വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് ബിസിസിഐ അറിയിച്ചു. 

'കാര്‍ മൂന്നോ നാലോ വട്ടം കരണം മറിഞ്ഞു'; റിഷഭ് പന്തിനെ രക്ഷിച്ച ഹീറോ, ഞെട്ടല്‍ മാറാതെ ബസ് ഡ്രൈവര്‍