ബെംഗളൂരു: പുതിയ സീസണില്‍ പുതയി മുഖവുമായി ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. പുതിയ ലോഗോ ടീം ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടു. 2008 മുതല്‍ റോയല്‍ ചലഞ്ചേഴ്സ്  എന്ന പേരിലുള്ള മാറ്റങ്ങള്‍ വിശദീകരിക്കുന്ന വീഡിയോയിലൂടെയാണ് ക്ലബ്ബ് പുതിയ ലോഗോ പുറത്തുവിട്ടത്.
 
പുതിയ ലോഗോയില്‍ ബാംഗ്ലൂര്‍ എന്നുണ്ടാവില്ലെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ പുതിയ ലോഗോയിലും പഴയ വലിപ്പത്തിലല്ലെങ്കിലും ബാംഗ്ലൂര്‍ ഉണ്ട്. ബാംഗ്ലൂർ നഗരം ബെംഗളൂരു എന്ന് പുന:നാമകരണം ചെയ്യപ്പെട്ടപ്പോള്‍ റോയൽ ചലഞ്ചേഴ്‌സ് ടീം പേര് മാറ്റിയിരുന്നില്ല. ഇതുവരെ ബാംഗ്ലൂർ എന്ന് തന്നെയായിരുന്നു ടീമിന്റെ പേരിനൊപ്പം ഉണ്ടായിരുന്നത്. എന്നാൽ ടീമിന്റെ പേരിൽ നിന്ന് ബാംഗ്ലൂർ മാറ്റി ബെംഗളൂരു എന്നാക്കണമെന്ന ആവശ്യം ചില ആരാധകർ നേരത്തെ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിന് ബാംഗ്ലൂര്‍ തയാറായിട്ടില്ല. പുതിയ ലോഗോയിലും ബാംഗ്ലൂര്‍ തന്നെയാണുള്ളത്.

ലോഗോ മാറ്റുന്നതിന് മുന്നോടിയായി ഫേസ്‌ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലെ ചിത്രങ്ങളും പോസ്റ്റുകളും ബെംഗളൂരു കഴിഞ്ഞദിവസം നീക്കം ചെയ്തത് ആരാധകരെ ഞെട്ടിച്ചിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ നീക്കത്തില്‍ അമ്പരപ്പ് പ്രകടിപ്പിച്ച് നായകന്‍ വിരാട് കോലിതന്നെ രംഗത്തെത്തിയിരുന്നു. സൂപ്പര്‍താരം എ ബി ഡിവില്ലിയേഴ്‌സും സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും അമ്പരപ്പ് പ്രകടിപ്പിച്ചിരുന്നു.