പതിനെട്ടാം ഓവറില്‍ 95-2 എന്ന സ്കോറില്‍ ഒത്തുചേര്‍ന്ന പൂജാരയും അസ്‌ലോപ്പും 240 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി 335 റണ്‍സിലാണ് വേര്‍പിരിഞ്ഞത്. 20 ഫോറും രണ്ട് സിക്സും അടങ്ങുന്നതാണ് പൂജാരയുടെ ഇന്നിംഗ്സ്.
ലണ്ടന്‍: കൗണ്ടി ക്രിക്കറ്റില്‍ തുടങ്ങിയ ബാറ്റിംഗ് വെടിക്കെട്ട് റോയല്‍ ലണ്ടന്‍ കപ്പിലും തുടര്‍ന്ന് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. സസെക്സിനായി ബാറ്റേന്തിയ പൂജാര മിഡില്‍സെക്സിനെതിരെ 75 പന്തില്‍ സെഞ്ചുറിയും 90 പന്തില്‍ 132 റണ്‍സും അടിച്ചു കൂട്ടി. റോയല്‍ ലണ്ടന്‍ കപ്പില്‍ നേരത്തെ വാര്‍വിക്‌ഷെയറിനും സറേക്കുമെതിരെ പൂജാര വെടിക്കെട്ട് സെഞ്ചുറികള്‍ നേടിയിരുന്നു.
പൂജാരയുടെയും ഓപ്പണര്‍ ടോം അസ്‌ലോപ്പിന്‍റെയും സെഞ്ചുറികളുടെ മികവില്‍ സോമര്‍സെറ്റിനെതിരെ സസെക്സ് 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 400 റണ്‍സടിച്ചു.സസെക്സ് നിരയില്‍ ഇരുവര്‍ക്കുമല്ലാതെ മറ്റാര്‍ക്കും തിളങ്ങാനായില്ല. അസ്‌ലോപ് 155 പന്തില്‍ 189 റണ്‍സുമായി പുറത്താകാതെ നിന്നു. 19 ഫോറും അഞ്ച് സിക്സും അടങ്ങുന്നതാണ് അസ്‌ലോപ്പിന്‍റെ ഇന്നിംഗ്സ്. പതിനെട്ടാം ഓവറില്‍ 95-2 എന്ന സ്കോറില്‍ ഒത്തുചേര്‍ന്ന പൂജാരയും അസ്‌ലോപ്പും 240 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി 335 റണ്‍സിലാണ് വേര്‍പിരിഞ്ഞത്. 20 ഫോറും രണ്ട് സിക്സും അടങ്ങുന്നതാണ് പൂജാരയുടെ ഇന്നിംഗ്സ്.
എട്ട് കളികളില്‍ മൂന്ന് സെഞ്ചുറിയടക്കം 102.33 ശരാശരിയില്‍ 116. 28 പ്രഹരശേഷിയില്‍ 614 റണ്‍സടിച്ച പൂജാരയാണ് ടൂര്‍ണമെന്‍റിലെ രണ്ടാമത്തെ വലിയ റണ്‍വേട്ടക്കാരന്‍. സസെക്സിനായി കൗണ്ടിയില്‍ നടത്തി മിന്നുന്ന പ്രകടനങ്ങളുടെ കരുത്തില്‍ പൂജാര ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറിയുമായി പൂജാര തിളങ്ങുകയും ചെയ്തു.
ലോകകപ്പ് അടുക്കുകയല്ലേ, പൂജാരയെ ഏകദിനത്തിലെടുക്കാമോ? വെടിക്കെട്ട് സെഞ്ചുറി ആഘോഷമാക്കി ആരാധകര്‍
നിലവില്‍ ഇന്ത്യന്‍ ടീമില്‍ ടെസ്റ്റില്‍ മാത്രമാണ് പൂജാര കളിക്കുന്നത്. അഞ്ച് ഏകദിനങ്ങള്‍ അദ്ദേഹം മുമ്പ് ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട് 51 റണ്‍സ് മാത്രമാണ് സമ്പാദ്യം. എന്നാല്‍ പൂജാരയുടെ സമീപകാല ഫോം കണ്ട് അദ്ദേഹത്തെ അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ നാലാം നമ്പറില്‍ കളിപ്പിക്കണമെന്ന ആവശ്യവുമായി ആരാധകര്‍ രംഗത്തുണ്ട്.
