'പുതിയ ക്യാപ്റ്റന് ഒരു പതിറ്റാണ്ട് സിഎസ്‌കെയെ നയിക്കാനാകും', ധോണിയുടെ പിന്‍ഗാമിയുടെ പേരുമായി അമ്പാട്ടി റായുഡു
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ എം എസ് ധോണിയുടെ ഭാവി ഇപ്പോഴും ചോദ്യചിഹ്നമാണ്. ഐപിഎല്‍ 2024 സീസണിലും ധോണി സിഎസ്‌കെയ്‌ക്കായി കളിക്കുമോ എന്നത് വ്യക്തമല്ല. എന്നാല്‍ 'തല' വരും സീസണിലും മഞ്ഞ ജേഴ്‌സിയില്‍ ക്രീസില്‍ കാണും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. വരും സീസണില്‍ അല്ലെങ്കില്‍ അതിനപ്പുറം ധോണിക്ക് ക്യാപ്റ്റന്‍സിയില്‍ പകരക്കാരനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കണ്ടെത്തിയേ മതിയാകൂ. ആര്‍ക്കായിരിക്കും ധോണിയുടെ പിന്‍ഗാമിയായി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് നറുക്ക് വീഴുക?
സിഎസ്‌കെ മുന്‍ താരം അമ്പാട്ടി റായുഡു പറയുന്നത് 26കാരനായ യുവ ബാറ്റര്‍ റുതുരാജ് ഗെയ്‌ക്‌വാദിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഒരു പതിറ്റാണ്ട് കാലം നയിക്കാനാകും എന്നാണ്. ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് 2023നുള്ള ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് റുതുരാജ് ഗെയ്‌ക്‌വാദാണ്. 'റുതുരാജ് ഗെയ്‌ക്‌വാദിന് സിഎസ്‌കെയെ ഒരു പതിറ്റാണ്ട് കാലം നയിക്കാനാകും. ധോണിക്ക് അദേഹത്തെ നന്നായി പരുവപ്പെടുത്തിയെടുക്കാനാകും. ടീം ഇന്ത്യക്കും റുതുരാജിനെ പ്രയോജനപ്പെടുത്താം. എല്ലാ ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കേണ്ട താരമാണ് റുതുരാജ് ഗെയ്‌ക്‌വാദ്' എന്നും അമ്പാട്ടി റായുഡു പറഞ്ഞു. ഐപിഎല്‍ 2023 സീസണില്‍ സിഎസ്‌കെ കിരീടം നേടിയപ്പോള്‍ ഒന്നിച്ച് കളിച്ച താരങ്ങളാണ് റായുഡുവും റുതുരാജും. സീസണില്‍ സിഎസ്‌കെയ്‌ക്കായി റുതു 590 റണ്‍സ് നേടിയിരുന്നു.
നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ് റുതുരാജ് ഗെയ്‌ക്‌വാദ്. ഏഷ്യന്‍ ഗെയിംസ് സ്ക്വാഡില്‍ റുതുരാജിനൊപ്പമുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ്മയും താരത്തെ പുകഴ്‌ത്തി. വളരെ ശാന്തനായ റുതുരാജിന് കൂടുതല്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ ക്യാപ്റ്റനാവാന്‍ കഴിയും എന്ന് ജിതേഷ് പറയുന്നു. അതേസമയം ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ധോണിയുടെ പിന്‍ഗാമിയായി ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്‍റെ പേര് പലകുറി കേട്ടെങ്കിലും താരത്തിന് അടിക്കടിയുണ്ടാകുന്ന പരിക്കും ലഭ്യതയും പ്രശ്‌നമാണ്. മുമ്പ് ക്യാപ്റ്റനായി പരീക്ഷിച്ചിരുന്ന രവീന്ദ്ര ജഡേജയ്‌ക്ക് ഇനി അവസരം നല്‍കാനുള്ള സാധ്യതയുമില്ല.
Read more: 29-ാം ടെസ്റ്റ് സെഞ്ചുറിക്ക് പിന്നാലെ വിമര്‍ശകരുടെ വായടപ്പിച്ച് വിരാട് കോലി
