വ്യക്തിപരമായ കാരണങ്ങളാൽ റുതുരാജ് ഗെയ്ക്‌വാദ് യോർക്ക്‌ഷെയറിനു വേണ്ടി കളിക്കുന്നതിൽ നിന്ന് പിൻമാറി. ഈ മാസം 22ന് സറേക്കെതിരെയായിരുന്നു റുതുരാജിന്റെ അരങ്ങേറ്റം നിശ്ചയിച്ചിരുന്നത്.

ലണ്ടൻ: ഇംഗ്ലണ്ടില്‍ യോര്‍ക്‌‌ഷെയറിനുവേണ്ടി കൗണ്ടി ക്രിക്കറ്റില്‍ കളിക്കുന്നതില്‍ നിന്ന് പിന്‍മാറി ഇന്ത്യൻ യുവതാരം റുതുരാജ് ഗെയ്ക്‌വാദ്. വ്യക്തിപരമായ കാരണങ്ങളാലാണ് റുതുരാജ് കൗണ്ടി ക്രിക്കറ്റില്‍ നിന്ന് പിൻമാറിയതെന്ന് യോര്‍ക്‌‌ഷെയര്‍ ടീം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഈ മാസം 22നായിരുന്നു റുതുരാജ് കൗണ്ടിയില്‍ സറേക്കെതിരായ മത്സരത്തില്‍ യോര്‍ക്‌‌ഷെയറിനായി അരങ്ങേറേണ്ടിയിരുന്നത്.

കഴിഞ്ഞ ഐപിഎല്ലിനിടെ ഏപ്രില്‍ എട്ടിന് പരിക്കേറ്റ് മടങ്ങിയ റുതുരാജ് പിന്നീട് മത്സര ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ടെസ്റ്റ് അനൗദ്യോഗിക പരമ്പരക്കുള്ള ഇന്ത്യ എ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും റുതുരാജിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ കൂടിയായിരുന്ന റുതുരാജ് പരിക്കുമൂലം പിന്‍മാറിയതോടെ എം എസ് ധോണിയാണ് സീസണില്‍ പീന്നീട് ചെന്നൈ ടീമിനെ നയിച്ചത്.

റുതുരാജിന് പകരം ചെന്നൈ ടീമിലെടുത്ത കൗമാര താരം ആയുഷ് മാത്രെ ചെന്നൈക്കായി ബാറ്റിംഗിൽ തിളങ്ങുകയും ചെയ്തിരുന്നു. റുതുരാജിന്‍റെ അപ്രതീക്ഷിത പിന്‍മാറ്റം നിരാശാജനകമാണെന്നും അവസാന നിമിഷം ആരെ പകരക്കാരനാക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ടെന്നും യോര്‍ക്‌‌ഷെയര്‍ കൗണ്ടി ടീം പരിശീലകന്‍ ആന്തണി മക്‌ഗ്രാത്ത് പറഞ്ഞു. ജൂണിലാണ് റുതുരാജ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ യോര്‍ക്‌‌ഷെയറുമായി കരാറൊപ്പിട്ടത്.

38 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള റുതുരാജ് 41.77 ശരാശരിയില്‍ 2632 റണ്‍സ് നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ പര്യടനം നടത്തിയ ഇന്ത്യ എ ടീമിനായി കളിച്ച റുതുരാജിന് നാല് ഇന്നിംഗ്സില്‍ നിന്ന് 20 റണ്‍സ് മാത്രമായിരുന്നു നേടാനായത്. എന്നാല്‍ കഴിഞ്ഞ ആഭ്യന്തര സീസണില്‍ 12 ഇന്നിംഗ്സില്‍ നിന്ന് റുതുരാജ് 571 റണ്‍സടിച്ച് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക