തിരുവനന്തപുരം: ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് മലയാളി പേസര്‍ എസ് ശ്രീശാന്ത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രസിഡന്റ്‌സ് കപ്പ് ടി20യില്‍ കളിച്ചുകൊണ്ടാണ് താരം തിരിച്ചുവരവിനൊരുങ്ങുന്നത്. മത്സരങ്ങള്‍ ഡിസംബര്‍ 17 മുതല്‍ ആലപ്പുഴയിലാണ് നടക്കുക എന്ന് കെസിഎ അറിയിച്ചിരുന്നു. 'കെസിഎ. ടൈഗേഴ്‌സ്' ടീമിലാണ് ശ്രീശാന്ത് കുപ്പായമണിയുക. ടൂര്‍ണമെന്റില്‍ ആകെ ആറ് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 

ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത് കേരള ടീമില്‍ ഇടം നേടുകയെന്നതാണ് ശ്രീശാന്തിന്റെ ലക്ഷ്യം. അങ്ങനെയെങ്കില്‍ ശ്രീശാന്ത് ഇന്ത്യന്‍ താരം സഞ്ജു സാംസണിനൊപ്പം കളിക്കുന്നത് ഒരിക്കല്‍കൂടി കാണാന്‍ സാധിക്കും. നിലവില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പമാണ് സഞ്ജു. യുവതാരത്തെ കുറിച്ച് സംസാരിക്കുകയാണ് ശ്രീശാന്ത്. 

സഞ്ജുവിന് ദീര്‍ഘകാലം ഇന്ത്യന്‍ ടീമിനൊപ്പം മുന്നോട്ട് പോകാന്‍ സാധിക്കുമെന്നാണ് ശ്രീശാന്ത് പറയുന്നത്. ''സഞ്ജുവിന്റെ മികച്ച ഫോം തുടരാന്‍ സാധിക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഇപ്പോള്‍ പുറത്തെടുക്കുന്ന അതേ പ്രകടനത്തില്‍ തന്നെ ഫോക്കസ് ചെയ്യുക മാത്രമാണ് വേണ്ടത്. അവന്‍ എപ്പോഴും ഊര്‍ജസ്വലനായിരിക്കണം. അവന് ഒരുപാട് കാലം ഇന്ത്യന്‍ ടീമിനൊപ്പം തുടരാന്‍ സാധിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്, അവന് ഒരുപാട് കാലം ഇന്ത്യന്‍ ടീമിനൊപ്പം തുടരാന്‍ കഴിയുമെന്നുള്ള കാര്യത്തില്‍.'' ശ്രീശാന്ത് വ്യക്തമാക്കി. 

ഐപിഎല്ലില്‍ 2013ല്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുമ്പോഴാണ് ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതും പിന്നീട് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതും. തെളിവില്ലാത്ത കാരണത്താല്‍ കോടതി കുറ്റമുക്തനാക്കിയിട്ടും ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കാന്‍ ബിസിസിഐ തയാറായില്ല. 

പിന്നീട് സുപ്രീംകോടതി ഇടപെട്ട ശേഷമാണ് ശ്രീശാന്തിന്റെ വിലക്ക് ഏഴ് വര്‍ഷമായി ബിസിസിഐ കുറച്ചത്. ഈ വര്‍ഷം സെപ്റ്റംബറിലാണ് ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചത്. കേരളത്തിന്റെ രഞ്ജി ടീമിലേക്ക് ശ്രീശാന്തിനെ പരിഗണിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.