യുവതാരം ചതുര്‍ദിന മത്സരത്തില്‍ മുപ്പതോ നാല്‍പ്പതോ റണ്‍സ് മാത്രം നേടിയതുകൊണ്ട് ടീമിന് എന്ത് പ്രയോജനമെന്ന് പരിഹാസം

ബ്ലൂംഫൗണ്ടെയിൻ: ടീം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് (India Tour of South Africa 2021-22) മുന്നോടിയായി ഇന്ത്യ എയുടെ (India A Tour of South Africa 2021) മൂന്ന് അനൗദ്യോഗിക ടെസ്റ്റുകളുടെ പരമ്പര പുരോഗമിക്കുകയാണ്. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ (India Test Squad) അവസരം ലഭിച്ചിട്ടുള്ള ചില താരങ്ങളും ടീമിലുണ്ട്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ ഒരിന്ത്യന്‍ താരത്തിന്‍റെ പ്രകടനം വളരെ നിരാശപ്പെടുത്തുന്നതാണ് എന്ന് വിമര്‍ശിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ നായകന്‍ സല്‍മാന്‍ ബട്ട് (Salman Butt). 

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ എ ടീമിനൊപ്പം പര്യടനം നടത്തുന്ന യുവ ഓപ്പണര്‍ പൃഥ്വി ഷായുടെ ബാറ്റിംഗിനെയാണ് സല്‍മാന്‍ ബട്ട് രൂക്ഷമായി ആക്രമിക്കുന്നത്. പര്യടനത്തില്‍ ഒരു ഇന്നിംഗ്‌സ് അവശേഷിക്കേ 28.25 ശരാശരിയില്‍ 113 റണ്‍സ് മാത്രമാണ് ഷാ നേടിയത്. 90ലധികം സ്‌ട്രൈക്ക് റേറ്റുണ്ടെങ്കിലും ഒരു അര്‍ധ സെഞ്ചുറി പോലും നേടാന്‍ ഇതുവരെ കഴിഞ്ഞില്ല. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടീമിന്‍റെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടീമിലുണ്ടായിരുന്ന പൃഥ്വി ഷാ സ്ഥിരതയില്ലായ്‌മയുടെ പേരില്‍ നിലവില്‍ ടെസ്റ്റ് സ്‌ക്വാഡില്‍ നിന്ന് പുറത്താണ്. 

'നിങ്ങള്‍ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കുന്നത് തുടരുന്നു, നേരത്തെയും പെട്ടെന്നും പുറത്താവുന്നു. ചതുര്‍ദിന മത്സരമാണ് എന്നതിനാല്‍ 90 സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്നത് നിങ്ങളുടെ മികവിന് അടയാളമാവില്ല. 3-4 സെഷനുകള്‍ കളിക്കുകയും കരുത്തുറ്റ സെഞ്ചുറി നേടുകയുമാണ് വേണ്ടത്. നിങ്ങളുടെ സെഞ്ചുറിയില്‍ ടീം തന്നെ പടുത്തുയര്‍ത്തപ്പെടും. ചതുര്‍ദിന മത്സരത്തില്‍ 30-40 റണ്‍സ് നേടിയത് കൊണ്ട് നേട്ടമെന്താണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ 150 സ്‌ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ ചെയ്യാം, എന്നാല്‍ 30 മുതല്‍ 40 റണ്‍സ് വരെയേ നേടുന്നുള്ളൂ എങ്കില്‍ പ്രായോജനമില്ല' എന്നും സല്‍മാന്‍ ബട്ട് തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. 

ടീം പ്രഖ്യാപനം ഇന്ന് 

അതേസമയം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യ ടെസ്റ്റ് സ്‌ക്വാഡ് ഇന്ന് പ്രഖ്യാപിക്കും. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് 20 അംഗ ടീമിനെയാവും ദക്ഷിണാഫ്രിക്കയിലേക്ക് ബിസിസിഐ അയക്കുക. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ നിറംമങ്ങിയ അജിങ്ക്യ രഹാനെയും ചേതേശ്വർ പൂജാരയും ടീമിൽ തുടരുമെന്നാണ് സൂചന. എന്നാല്‍ രഹാനെയെ വൈസ് ക്യാപ്റ്റനാക്കുമോ എന്ന കാര്യം ഇപ്പോള്‍ വ്യക്തമല്ല. ഡിസംബര്‍ 26നാണ് മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുക. 

ന്യൂസിലൻഡിനെതിരായ പരമ്പരയിൽ നിന്ന് വിശ്രമത്തിനായി വിട്ടുനിന്ന ഓപ്പണര്‍ രോഹിത് ശർമ്മയും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്തും പേസര്‍ മുഹമ്മദ് ഷമിയും തിരിച്ചെത്തും. ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് അരങ്ങേറ്റം ഗംഭീരമാക്കിയ മധ്യനിര താരം ശ്രേയസ് അയ്യര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തും. കെ എല്‍ രാഹുലിനും ഹനുമാ വിഹാരിക്കും അവസരം ലഭിച്ചേക്കും. പ്രസിദ്ധ് ക‍ൃഷ്‌ണ, അഭിമന്യൂ ഈശ്വരന്‍/പ്രിയങ്ക് പാഞ്ചല്‍, ജയന്ത് യാദവ് എന്നിവരേയും പരിഗണിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ദക്ഷിണാഫ്രിക്ക 21 അംഗ സ്‌ക്വാഡ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. 

Ashes : ക്യാപ്റ്റന്‍സി അരങ്ങേറ്റത്തില്‍ അഞ്ച് വിക്കറ്റ്; പാറ്റ് കമ്മിന്‍സ് ഇതിഹാസങ്ങള്‍ക്കൊപ്പം