ഇംഗ്ലണ്ട് 141 റണ്‍സില്‍ പുറത്തായപ്പോള്‍ കമ്മിന്‍സ് 13.1 ഓവറില്‍ 38 റണ്‍സിന് അഞ്ച് വിക്കറ്റ് സ്വന്തമാക്കി

ബ്രിസ്‌ബേന്‍: ടെസ്റ്റ് ക്യാപ്റ്റനായുള്ള അരങ്ങേറ്റ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സിന് (Pat Cummins) ചരിത്ര നേട്ടം. ആഷസില്‍ (Ashes 2021-22) ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്‍റെ (Australia vs England 1st Test) ഒന്നാം ദിനമാണ് കമ്മിന്‍സ് അഞ്ച് വിക്കറ്റുമായി ചരിത്രമെഴുതിയത്. ഇതോടെ ക്യാപ്റ്റന്‍മാരായി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ബൗളര്‍മാരുടെ അപൂര്‍വ പട്ടികയില്‍ ഇടംപിടിക്കാന്‍ ഓസീസ് പേസര്‍ക്കായി.

ഗാബ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 50.1 ഓവറില്‍ 147 റണ്‍സില്‍ പുറത്തായപ്പോള്‍ കമ്മിന്‍സ് 13.1 ഓവറില്‍ 38 റണ്‍സിന് അഞ്ച് വിക്കറ്റ് കൊയ്യുകയായിരുന്നു. അപകടകാരിയായ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനെ(5) ഒന്നാം ദിനത്തിന്‍റെ ആദ്യ സെഷനില്‍ പുറത്താക്കി തുടങ്ങിയ കമ്മിന്‍സ് ഉച്ചഭക്ഷണത്തിന് പിന്നാലെ ഹസീബ് ഹമീദ്(25), ക്രിസ് വോക്‌സ്(21), ഓലി റോബിന്‍സണ്‍(0), മാര്‍ക്ക് വുഡ്(8) എന്നിവരെയും മടക്കി.

അഫ്‌ഗാനിസ്ഥാന്‍ നായകന്‍ റാഷിദ് ഖാന് ശേഷം ടെസ്റ്റ് ക്യാപ്റ്റന്‍സി അരങ്ങേറ്റത്തില്‍ അഞ്ച് വിക്കറ്റ് തികയ്‌ക്കുന്ന ആദ്യ ബൗളറാണ് പാറ്റ് കമ്മിന്‍സ്. 2019ല്‍ ബംഗ്ലാദേശിന് എതിരെയായിരുന്നു റാഷിദിന്‍റെ നേട്ടം. അന്ന് രണ്ടിന്നിംഗ്‌സിലും റാഷിദ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ ക്യാപ്റ്റന്‍മാരായ ബൗളര്‍മാരില്‍ ഇതിഹാസ താരങ്ങളാണ് കമ്മിന്‍സിന്‍റെ മുന്‍ഗാമികള്‍. ഇന്ത്യയുടെ അനില്‍ കുംബ്ലെ, വെസ്റ്റ് ഇന്‍ഡീസിന്‍റെ കോർട്‌ണി വാൽ‌ഷ്, ന്യൂസിലന്‍ഡിന്‍റെ ഡാനിയേല്‍ വെട്ടോറി എന്നിവര്‍ മുമ്പ് ഈ നേട്ടം പേരിലാക്കി. 

കമ്മിന്‍സിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ ഗാബയില്‍ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്‌സ് 50.1 ഓവറില്‍ 147 റണ്‍സില്‍ അവസാനിച്ചു. കമ്മിന്‍സിന്‍റെ അഞ്ചിന് പുറമെ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും രണ്ട് വീതവും കാമറോണ്‍ ഗ്രീന്‍ ഒന്നും വിക്കറ്റ് നേടി. ഗ്രീനിന്‍റെ കന്നി ടെസ്റ്റ് വിക്കറ്റാണിത്. ഇംഗ്ലണ്ട് നിരയില്‍ 39 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ജോസ് ബട്ട്‌ലറാണ് ടോപ് സ്‌കോറര്‍. ഓലി പോപ് 35നും ഹസീബ് ഹമീദ് 25നും ക്രിസ് വോക്‌സ് 21നും പുറത്തായി. 

Ashes : ക്യാപ്റ്റന്‍ കൂള്‍... ക്യാപ്റ്റന്‍സി അരങ്ങേറ്റത്തില്‍ അഞ്ച് വിക്കറ്റുമായി പാറ്റ് കമ്മിന്‍സ്- വീഡിയോ