2019 നുശേഷം ടെസ്റ്റില്‍ സെഞ്ചുറി നേടിയിട്ടില്ലാത്ത കോലിയുടെ ഫോം മങ്ങിയതിന്‍റെ മറ്റൊരു ഉദഹാഹരണം കൂടിയാണ് മൂന്ന് വര്‍ഷത്തിനിടെ നേടിയ അഞ്ചാമത്തെ സിക്സര്‍ എന്നാണ് സ്ഥിതിവിവര കണക്കുകള്‍ പറയുന്നത്.
കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ കേപ്‌ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍(SA v IND) 79 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്കോററായ ക്യാപ്റ്റന്‍ വിരാട് കോലി(Virat Kohli) അപൂര്‍വമായ മറ്റൊരു നേട്ടവും സ്വന്തമാക്കി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിലെ 41-ാം ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയെ പുള്‍ ചെയ്ത് സിക്സിന് പറത്തിയ കോലി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ടെസ്റ്റിലെ തന്‍റെ അഞ്ചാമത്തെ മാത്രം സിക്സറാണ് റബാഡക്കെതിരെ പറത്തിയത്. മത്സരത്തിലെ ഇന്ത്യയുടെ ആദ്യ സിക്സറുമായിരുന്നു അത്.
2019 നുശേഷം രാജ്യാന്തര സെഞ്ചുറി നേടിയിട്ടില്ലാത്ത കോലിയുടെ ഫോം മങ്ങിയതിന്‍റെ മറ്റൊരു ഉദഹാഹരണം കൂടിയാണ് മൂന്ന് വര്‍ഷത്തിനിടെ നേടിയ അഞ്ചാമത്തെ സിക്സര്‍ എന്നാണ് സ്ഥിതിവിവര കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കോലിയുടെ സഹതാരങ്ങളായ രോഹിത് ശര്‍മ ടെസ്റ്റില്‍ 31ഉം റിഷഭ് പന്ത് 25ഉം മായങ്ക് അഗര്‍വാള്‍ 18ഉം സിക്സുകള്‍ പറത്തിയപ്പോഴാണ് കോലി വെറും അഞ്ച് സിക്സുകള്‍ പറത്തിയത്.
ഇന്ത്യന്‍ ബാറ്റിംഗിലെ വാലറ്റക്കാരനായ ഉമേഷ് യാദവ് പോലും ഇക്കാലയളവില്‍ കോലിയെക്കാള്‍ സിക്സുകള്‍ പറത്തിയെന്നതാണ് മറ്റൊരു രസകരമായ കണക്ക്. വെറും 155 പന്തുകള്‍ മാത്രം നേരിട്ട ഉമേഷ് യാദവ് 11 സിക്സുകള്‍ ഇക്കാലയളവില്‍ പറത്തിയപ്പോള്‍ 2568 പന്തുകള്‍ നേരിട്ട കോലിക്ക് നേടാനായത് വെറും അഞ്ചെണ്ണം മാത്രം.
വിദേശ പരമ്പരകളില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ കോലി നേടുന്ന ആദ്യ സിക്സ് കൂടിയാണിത്. 2018ല്‍ ഓസേ്ട്രേലയിക്കെതിരായ പെര്‍ത്ത് ടെസ്റ്റില്‍ ഹേസല്‍വുഡിന്‍റെ പന്ത് ടോപ് എഡ്ജ് ചെയ്ത് നേടിയ സിക്സാണ് വിദേശത്ത് കോലി ഇതിന് മുമ്പ് അവസാനം നേടിയ സിക്സര്‍.
സിക്സുകളില്‍ ക്ഷാമുണ്ടെങ്കിലും ബൗണ്ടറികളില്‍ കോലി ഇപ്പോഴും കിംഗാണെന്നും കണക്കുകള്‍ പറയുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടി ബാറ്റര്‍ കോലിയാണ്. കഴിഞ്ഞ നവംബറിലെ കണക്കനുസരിച്ച് കോലി 936 ബൗണ്ടറികളുമായി ബഹുദൂരം മുന്നിലാണ്.
