നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ ദക്ഷണിഫ്രിക്ക ഭേദപ്പെട്ട തുടക്കത്തിനുശേഷമാണ് തകര്‍ന്നടിഞ്ഞത്. ഓപ്പണിംഗ് വിക്കറ്റില്‍ ജാനേമന്‍ മലനും(39) ക്വിന്‍റണ്‍ ഡീ കോക്കും(12) ചേര്‍ന്ന് 6.5 ഓവറില്‍ 46 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്.

സെഞ്ചൂറിയന്‍: ജനുവരിയില്‍ നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യയെ 3-0ന് തകര്‍ത്തുവിട്ട ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടില്‍ കീഴടക്കി ചരിത്രനേട്ടവുമായി ബംഗ്ലാദേശ്. ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍(South Africa vs Bangladesh, 3rd ODI) ഒമ്പത് വിക്കറ്റ് ജയവുമായി മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-1ന് സ്വന്തമാക്കിയ ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയിലെ ആദ്യ ഏകദിന പരമ്പര നേട്ടം ആഘോഷിച്ചു.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ 154 റണ്‍സില്‍ എറിഞ്ഞിട്ട ബംഗ്ലാദേശ് 26.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അടിച്ചെടുത്തു. 82 പന്തില്‍ 87 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ തമീം ഇക്ബാലാണ് ബംഗ്ലാദേശിന്‍റെ ജയം അനായാസമാക്കിയത്. പരമ്പരയിലെ ആദ്യ ഏകദിനത്തിലും ബംഗ്ലാദേശ് ജയിച്ചിരുന്നു. സ്കോര്‍ ദക്ഷിണാഫ്രിക്ക 37 ഓവറില്‍ 154ന് ഓള്‍ ഔട്ട്, ബംഗ്ലാദേശ് 26.3 ഓവറില്‍ 156-1.

നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ ദക്ഷണിഫ്രിക്ക ഭേദപ്പെട്ട തുടക്കത്തിനുശേഷമാണ് തകര്‍ന്നടിഞ്ഞത്. ഓപ്പണിംഗ് വിക്കറ്റില്‍ ജാനേമന്‍ മലനും(39) ക്വിന്‍റണ്‍ ഡീ കോക്കും(12) ചേര്‍ന്ന് 6.5 ഓവറില്‍ 46 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. സ്കോര്‍ 66ല്‍ നില്‍ക്കെ വെരിയെന്നെയെ(9) നഷ്ടമായ ദക്ഷിണാഫ്രിക്കക്ക് മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും മലനെയും നഷ്ടമായി. ക്യാപ്റ്റന്‍ ടെംബാ ബാവുമക്കും(2), വാന്‍ഡര്‍ ഡസ്സനും(4) ക്രീസില്‍ അധികം ആയുസുണ്ടായില്ല.

Scroll to load tweet…

ഇരുവരും പെട്ടെന്ന് മടങ്ങിയതോടെ 83-5 എന്ന സ്കോറില്‍ തകര്‍ന്നടിഞ്ഞ ദക്ഷിണാഫ്രിക്കയെ ഡേവിഡ് മില്ലറും(16), പ്രിട്ടോറിയസും(20) ചേര്‍ന്നാണ് 100 കടത്തിയത്. മില്ലര്‍ മടങ്ങിയശേഷം കേശവ് മഹാരാജ്(28) നടത്തിയ ചെറുത്തുനില്‍പ്പാണ് ദക്ഷിണാഫ്രിക്കയെ 150 കടത്തിയത്. ബംഗ്ലാദേശിനായി ഒമ്പതോവറില്‍ 35 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ടസ്കിന്‍ അഹമ്മദാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ഷാക്കിബ് അല്‍ ഹസന്‍ 9 ഓവറില്‍ 24 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗില്‍ തുടക്കത്തിലെ തകര്‍ത്തടിച്ച ക്യാപ്റ്റന്‍ തമീം ഇക്ബാലും ലിറ്റണ്‍ ദാസും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 127 റണ്‍സടിച്ച് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകള്‍ അടിച്ചു തകര്‍ത്തു. 48 റണ്‍സെടുത്ത ലിറ്റണ്‍ ദാസിനെ കേശവ് മഹാരാജ് വീഴ്ത്തിയെങ്കിലും തമീമും(87*) ഷാക്കിബും(18*) ചേര്‍ന്ന് ബംഗ്ലാദേശിന്‍റെ ചരിത്ര ജയം പൂര്‍ത്തിയാക്കി.