Asianet News MalayalamAsianet News Malayalam

SA vs IND: 15 വര്‍ഷത്തിനുശേഷം വാണ്ടറേഴ്സില്‍ ആദ്യം, ചരിത്രനേട്ടം സ്വന്തമാക്കി അശ്വിന്‍

വാണ്ടറേഴ്സില്‍ അന്ന് ഇന്ത്യ ജയിച്ചു കയറിയെങ്കിലും പരമ്പരയിലെ തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളും തോറ്റ് പരമ്പര കൈവിട്ടിരുന്നു. പിന്നീട് 2013ലും 2018ലും ഇന്ത്യ വാണ്ടറേഴ്സില്‍ ടെസ്റ്റ് കളിച്ചിട്ടുണ്ടെങ്കിലും വിക്കറ്റ് പങ്കിട്ടത് മുഴുവന്‍ പേസര്‍മാരായിരുന്നു.

 

SA vs IND: Ashwin Picked A Wicket At The Wanderers achieves Rare Feat
Author
Johannesburg, First Published Jan 6, 2022, 6:40 PM IST

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ വാണ്ടറേഴ്സ് ക്രിക്കറ്റ് ടെസ്റ്റില്‍(SA vs IND) ഇന്ത്യയുടെ രണ്ട് ഇന്നിംഗ്സിലെയും ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സിലെയും മുഴുവന്‍ വിക്കറ്റുകളും വീഴ്ത്തിയത് പേസ് ബൗളര്‍മാരായിരുന്നു. അപ്രതീക്ഷിതമായി പന്ത് കുത്തി ഉയരുന്ന പിച്ചില്‍ സ്പിന്നര്‍മാരായി ടീമിലുണ്ടായിരുന്ന അശ്വിനും(R Ashwin) ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജിനും (Keshav Maharaj)കാര്യമായ റോളില്ലായിരുന്നു. ഇന്ത്യയുടെ രണ്ട് ഇന്നിംഗ്സിലും അശ്വിന്‍ ബാറ്റ് കൊണ്ട് തിളങ്ങി.

എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സില്‍ കീഗാന്‍ പീറ്റേഴ്സനെ(Keegan Petersen) വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിന്‍ ഇന്ത്യക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചപ്പോള്‍ അത് മറ്റൊരു ചിരിത്ര മുഹൂര്‍ത്തമായി. വാണ്ടറേഴ്സില്‍ അനില്‍ കുംബ്ലെക്കുശേഷം ഒരു വിക്കറ്റെടുക്കുന്ന ആദ്യ ഇന്ത്യന്‍ സ്പിന്നറെന്ന നേട്ടമാണ് അശ്വിന്‍ സ്വന്തമാക്കിയത്. 2006-2007 പരമ്പരയില്‍ ഇന്ത്യക്കായി കുംബ്ലെ ആദ്യ ഇന്നിംഗ്സില്‍ രണ്ട് റണ്‍സിന് രണ്ട് വിക്കറ്റും രണ്ടാം ഇന്നിംഗ്സില്‍ 54 റണ്‍സിന് മൂന്ന് വിക്കറ്റും വീഴ്ത്തിയശേഷം നീണ്ട പതിനഞ്ച് വര്‍ഷത്തോളം ഒരു ഇന്ത്യന്‍ സ്പിന്നര്‍ക്ക് വാണ്ടറേഴ്സില്‍ വിക്കറ്റ് വീഴ്ത്താനായിട്ടില്ല.

വാണ്ടറേഴ്സില്‍ അന്ന് ഇന്ത്യ ജയിച്ചു കയറിയെങ്കിലും പരമ്പരയിലെ തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളും തോറ്റ് പരമ്പര കൈവിട്ടിരുന്നു. പിന്നീട് 2013ലും 2018ലും ഇന്ത്യ വാണ്ടറേഴ്സില്‍ ടെസ്റ്റ് കളിച്ചിട്ടുണ്ടെങ്കിലും വിക്കറ്റ് പങ്കിട്ടത് മുഴുവന്‍ പേസര്‍മാരായിരുന്നു.

ഇതിന് പുറമെ വാണ്ടറേഴ്സില്‍ മൂന്ന് വര്‍ഷത്തിനിടെ ഒരു വിക്കറ്റെടുക്കുന്ന ആദ്യ സ്പിന്നറുമാണ് അശ്വിന്‍. 2019 ജനുവരിയില്‍ പാക്കിസ്ഥാന്‍റെ ഷദാബ് ഖാനാണ് അശ്വിന് മുമ്പ് വാണ്ടറേഴ്സില്‍ ഒരു വിക്കറ്റെടുത്ത അവസാന സ്പിന്നര്‍. 2019നുശേഷം ഇവിടെ നടന്ന മത്സരങ്ങളില്‍ 111 വിക്കറ്റുകള്‍ വീണിട്ടുണ്ടെങ്കിലും അതില്‍ രണ്ടെണ്ണം മാത്രമാണ് സ്പിന്നര്‍മാര്‍ക്ക് ലഭിച്ചത്.

ഭാഗ്യ ഗ്രൗണ്ട് കൂടിയായ വാണ്ടറേഴ്സില്‍ ഇന്ത്യ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല എന്ന റെക്കോര്‍ഡ് ഇത്തവണയും നിലനിര്‍ത്താന്‍ ആവുമോ എന്ന ആകാംക്ഷയിലാണ് അരാധകരിപ്പോള്‍. 240 റണ്‍സ് വിജയലക്ഷ്യം പിന്ടുരുന്ന ദക്ഷിണാഫ്രിക്ക മൂന്നാം ദിനം 118-2 എന്ന നിലയിലാണ് ക്രീസ് വിട്ടത്. നാലാം ദിനം ആദ്യ രണ്ട് സെഷനുകളും മഴമൂലം നഷ്ടമായെങ്കിലും നാലു സെഷനുകളിലെ കളി ബാക്കിയുള്ളതിനാല്‍ മത്സരത്തിന് ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Follow Us:
Download App:
  • android
  • ios