റിഷഭ് പന്ത് ടീമിലുള്ളപ്പോഴാണ് ബുമ്രയെ വൈസ് ക്യാപ്റ്റനാക്കിയത്. മിക്കവരും കരുതിയത് പന്ത് വൈസ് ക്യാപ്റ്റനാവുമെന്നാണ്. എന്നാല്‍ അതുണ്ടായില്ല. മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സബാ കരീമും ബുമ്രയെ ക്യാപ്റ്റനാക്കിയതില്‍ ആശ്ചര്യം പ്രകടിപ്പിച്ചു. 

 മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ കെ എല്‍ രാഹുലിനെയാണ് (KL Rahul) ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയെ (Rohit Sharma) പരിക്കിനെ തുടര്‍ന്ന് ഒഴിവാക്കിയപ്പോളാണ് രാഹുലിന് നറുക്ക് വീണത്. ജസ്പ്രിത് ബുമ്രയാണ് (Jasprit Bumrah) ടീമിന്റെ വൈസ് ക്യാപ്റ്റന്‍. റിഷഭ് പന്ത് ടീമിലുള്ളപ്പോഴാണ് ബുമ്രയെ വൈസ് ക്യാപ്റ്റനാക്കിയത്. മിക്കവരും കരുതിയത് പന്ത് വൈസ് ക്യാപ്റ്റനാവുമെന്നാണ്. എന്നാല്‍ അതുണ്ടായില്ല. മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സബാ കരീമും ബുമ്രയെ ക്യാപ്റ്റനാക്കിയതില്‍ ആശ്ചര്യം പ്രകടിപ്പിച്ചു. 

അദ്ദേഹം ഇക്കാര്യം തുറന്നുപറയുകയും ചെയ്തു. തീരുമാനത്തില്‍ അമ്പരന്നുപോയെന്നാണ് കരീം പറുന്നത്. ''റിഷഭ് പന്ത് ഉപനായകനാവുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. കാരണം, അവന്‍ മൂന്ന് ഫോര്‍മാറ്റിലും സ്ഥിരം സാന്നിധ്യമാണ്. ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെ നയിച്ചുള്ള പരിചയവുമുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെക്കോഡും പന്തിനുണ്ട്. മത്സരങ്ങളെ കുറിച്ച് കൃത്യമായ അറിവ് പന്തിനുണ്ട്. എന്നാല്‍ ബുമ്ര മോശമെന്ന് ഞാന്‍ പറയുന്നില്ല. 

അദ്ദേഹത്തിന്റെ റോള്‍ വളരെ പ്രധാനപ്പെട്ടതുമാണ്. പക്ഷെ ബുമ്ര ഇതുവരെ എവിടെയും ഒരു ടീമിനെപ്പോലും നയിച്ചിട്ടില്ല. സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം ആശ്ചര്യപ്പെടുത്തി. ഞാന്‍ ശരിക്കും അമ്പരന്നു പോയി. ജസ്പ്രീത് ബുംറയ്ക്കു വൈസ് ക്യാപ്റ്റന്‍സി ലഭിക്കുമെന്ന് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.'' കരീം പറഞ്ഞുനിര്‍ത്തി.

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, റിതുരാജ് ഗെയ്കവാദ്, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍, ആര്‍ അശ്വിന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, ഷാര്‍ദുല്‍ ഠാക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍.