ഒരു വിക്കറ്റിന് 16 റൺസ് എന്ന നിലയിലാണ് ഇന്ത്യ നാലാംദിനം തുടങ്ങിയത്. അഞ്ച് റൺസുമായി കെ എൽ രാഹുലും നാല് റൺസുമായി തലേന്നത്തെ നൈറ്റ് വാച്ച്‌മാന്‍ ഷർദ്ദുൽ ഠാക്കൂറുമായിരുന്നു ക്രീസിൽ.
സെഞ്ചൂറിയന്‍: സെഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് (SA vs IND) 305 റണ്‍സ് വിജയലക്ഷ്യം. 16-1 എന്ന സ്കോറില്‍ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 174 റണ്‍സിന് ഓള്‍ ഔട്ടായി. 34 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. നാല് വിക്കറ്റ് വീതമെടുത്ത കാഗിസോ റബാദയും(Kagiso Rabada) മാര്‍ക്കോ ജാന്‍സണുമാണ്(Marco Jansen) ഇന്ത്യയെ രണ്ടാം ഇന്നിംഗ്സില്‍ എറിഞ്ഞിട്ടത്.
ഇന്ത്യയെ എറിഞ്ഞൊതുക്കി റബാദയും ജാന്‍സണും
ഒരു വിക്കറ്റിന് 16 റൺസ് എന്ന നിലയിലാണ് ഇന്ത്യ നാലാംദിനം തുടങ്ങിയത്. അഞ്ച് റൺസുമായി കെ എൽ രാഹുലും നാല് റൺസുമായി തലേന്നത്തെ നൈറ്റ് വാച്ച്‌മാന്‍ ഷർദ്ദുൽ ഠാക്കൂറുമായിരുന്നു ക്രീസിൽ. എന്നാല്‍ വ്യക്തിഗത സ്‌കോറിലേക്ക് ആറ് റണ്‍സ് കൂടി ചേര്‍ത്തതും ഠാക്കൂറിനെ മുൾഡറുടെ കൈകളിലെത്തിച്ചു റബാദ. ആദ്യ ഇന്നിംഗ്‌സിലെ സെഞ്ചുറിവീരന്‍ കെ എല്‍ രാഹുലിനും അധികം മുന്നോട്ടുപോകാനായില്ല. 74 പന്തില്‍ 23 റണ്‍സുമായി രാഹുലിനെ എന്‍ഗിഡി, എള്‍ഗാറിന്‍റെ കൈകളിലെത്തിച്ചു.
നിരാശപ്പെടുത്തി കോലി, പൂജാര, രഹാനെ
ക്യാപ്റ്റന്‍ വിരാട് കോലിയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് ചെറിയൊരു രക്ഷാപ്രവര്‍ത്തനം നടത്തി. പൂജാരയെ തുടക്കത്തില്‍ കൈവിട്ട ദക്ഷിണാഫ്രിക്കക്ക് പക്ഷെ അധികം കാത്തിരിക്കേണ്ടിവന്നില്ല. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സെന്ന നിലയില്‍ ലഞ്ചിന് പിരിഞ്ഞ ഇന്ത്യക്ക് ലഞ്ചിനുശേഷമുള്ള ആദ്യ പന്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ നഷ്ടമായി. ആദ്യ ഇന്നിംഗ്സിലേതിന് സമാനമായി മാര്‍ക്കോ ജാന്‍സന്‍ എറിഞ്ഞ ഓഫ് സ്റ്റംപിന് പുറത്ത് പോയ നിരുദ്രപവകരമായ പന്തില്‍ ബാറ്റുവെച്ചാണ് കോലി ഇത്തവണയും വിക്കറ്റ് കളഞ്ഞത്. 18 റണ്‍സായിരുന്നു കോലിയുടെ സംഭാവന.
രഹാനെക്കൊപ്പം സ്കോര്‍ 100 കടത്തിയ പൂജാരക്കും അധികം ആയുസുണ്ടായില്ല. 16 റണ്‍സെടുത്ത പൂജാര വിക്കറ്റിന് പിന്നില്‍ ഡികോക്കിന് ക്യാച്ച് നല്‍കി മടങ്ങി. ആദ്യ ഇന്നിംഗ്സിലേതുപോലെ ആക്രമിച്ചു തുടങ്ങിയ രഹാനെ 20 റണ്‍സുമായി പ്രതീക്ഷ നല്‍കിയെങ്കിലും മാര്‍ക്കോ ജാന്‍സന്‍റെ പന്ത് പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ബൗണ്ടറിയില്‍ വാന്‍ഡര്‍ ഡസ്സന് ക്യാച്ച് നല്‍കി മടങ്ങി.111-6ലേക്ക് വീണ ഇന്ത്യയെ റിഷഭ് പന്തും അശ്വിനും ചേര്‍ന്ന് 150ന് അടുത്തെത്തിച്ചു.
തിരിച്ചടിച്ച് പന്ത്
അശ്വിനെ കൂട്ടുപിടിച്ച് റിഷഭ് പന്ത് നടത്തിയ പ്രത്യാക്രമണമാണ് ഇന്ത്യന്‍ ലീഡ് 300 കടക്കാന്‍ സഹായിച്ചത്. 17 പന്തില്‍ 14 റണ്‍സെടുത്ത അശ്വിന്‍ പുറത്തായതിന് പിന്നാലെ തകര്‍പ്പനടികളുമായി റിഷഭ് പന്ത് ദക്ഷിണാഫ്രിക്കയെ വലച്ചെങ്കിലും 34 റണ്‍സില്‍ പുറത്തായി. പിച്ചില്‍ കുത്തി ഉയര്‍ന്ന ലുങ്കി എന്‍ഡിഗിയുടെ പന്തില്‍ റബാദക്ക് ക്യാച്ച്. പിന്നീടെല്ലാം ചടങ്ങുകളായിരുന്നു. മാര്‍ക്കോ ജാന്‍സണെ ബൗണ്ടറി കടത്തി ബുമ്ര(7*) ഇന്ത്യന്‍ ലീഡ് 300 കടത്തിയതിന് പിന്നാലെ സിറാജിനെ വീഴ്ത്തി ഡെന്‍സന്‍ തന്നെ ഇന്ത്യന്‍ ഇന്നിംഗ്സ് അവസാനിപ്പിച്ചു.
ദക്ഷിണാഫ്രിക്കക്കായി റബാദയും മാര്‍ക്കൊ ജാന്‍സനും നാലു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ലുങ്കി എന്‍ഗിഡി രണ്ട് വിക്കറ്റെടുത്തു.
