കൊവിഡ് നിയന്ത്രണങ്ങളില്‍ എന്തെങ്കിലും മാറ്റം ഉടനുണ്ടാകുമോ എന്ന് നിരീക്ഷിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്

സെഞ്ചൂറിയന്‍: ടീം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ (India Tour of South Africa 2021-22) ആദ്യ ടെസ്റ്റില്‍ (South Africa vs India 1st test SuperSport Park, Centurion) കാണികളെ പ്രവേശിപ്പിക്കില്ലെന്ന് റിപ്പോര്‍ട്ട്. കൊവിഡിന്‍റെ (Covid -19) ഒമിക്രോണ്‍ വകഭേദം പടരുന്ന സാഹര്യത്തില്‍ മത്സരത്തിന്‍റെ ടിക്കറ്റുകള്‍ ക്രിക്കറ്റ് സൗത്താഫ്രിക്ക വില്‍ക്കുന്നില്ല എന്ന് ഒരു ആഫ്രിക്കന്‍ പത്രത്തിന്‍റെ (Rapport) റിപ്പോര്‍ട്ടില്‍ പറയുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്‌തു. നിലവിലെ ഒമിക്രോണ്‍ (Omicron) സാഹചര്യത്തില്‍ അനുവദിക്കപ്പെട്ട 2,000 കാണികളില്‍ പ്രത്യേക ക്ഷണിതാക്കള്‍ മാത്രമായിരിക്കും ഉണ്ടാവുക എന്നാണ് സൂചന. 

കൊവിഡ് നിയന്ത്രണങ്ങളില്‍ എന്തെങ്കിലും മാറ്റം ഉടനുണ്ടാകുമോ എന്ന് നിരീക്ഷിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഡിസംബര്‍ 26ന് സെഞ്ചൂറിയനിലാണ് ദക്ഷിണാഫ്രിക്ക-ഇന്ത്യ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ജനുവരി മൂന്നിന് വാൻഡറേഴ്‌സില്‍ തുടങ്ങുന്ന രണ്ടാം ടെസ്റ്റിന്‍റെ ടിക്കറ്റ് വില്‍പനയും ഇതുവരെ ആരംഭിച്ചിട്ടില്ല. ഇക്കാര്യം വാൻഡറേഴ്‌സ് സ്റ്റേഡിയം അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു. ടിക്കറ്റ് വില്‍പന സംബന്ധിച്ച് കൂടുതല്‍ അറിയിപ്പുകള്‍ പിന്നാലെയുണ്ടാകും. 

കൊവിഡ് വ്യാപനത്തിന്‍റെ പശ്‌ചലത്തില്‍ ദക്ഷിണാഫ്രിക്കയിലെ ചതുര്‍ദിന ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ഞായറാഴ്‌ച നീട്ടിവച്ചിരുന്നു. അതേസമയം പര്യടനത്തിനായി ഡിസംബര്‍ 16ന് ദക്ഷിണാഫ്രിക്കയിലെത്തിയ ഇന്ത്യന്‍ ടീം ഒരു റിസോര്‍ട്ടില്‍ കര്‍ശന ബയോ-ബബിളിലാണ്. താരങ്ങള്‍ ഇതിനകം പരിശീലനം ആരംഭിച്ചുകഴിഞ്ഞു. 

ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ ടെസ്റ്റ് പരമ്പര നേടിയിട്ടില്ലെന്ന നാണക്കേട് മറികടക്കാനാണ് ടീം ഇന്ത്യ ഇത്തവണ വിരാട് കോലിയുടെ നേതൃത്വത്തിലിറങ്ങുന്നത്. പരിക്ക് കാരണം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും സ്‌പിന്നര്‍മാരായ രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡിലില്ല. രോഹിത്തിന് പകരം ഇന്ത്യ എ നായകന്‍ പ്രിയങ്ക് പാഞ്ചലിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഹിത്തിന്‍റെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍.

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്

വിരാട് കോലി(ക്യാപ്റ്റന്‍), പ്രിയങ്ക് പാഞ്ചല്‍, കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), രവിചന്ദ്ര അശ്വിന്‍, ജയന്ത് യാദവ്, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്‌പ്രീത് ബുമ്ര, ഷര്‍ദ്ദുള്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്. 

KL Rahul vice-captain : കിറുകൃത്യം! കെ എല്‍ രാഹുലിനെ ടെസ്റ്റ് വൈസ് ക്യാപ്റ്റനാക്കിയതിന് കയ്യടിച്ച് മുന്‍താരം