കേപ് ടൗണിൽ ചൊവ്വാഴ്‌ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന് തുടക്കമാവും

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ നിര്‍ണായക മൂന്നാം ടെസ്റ്റിന് (South Africa vs India 3rd Test) മുമ്പ് ഇന്ത്യന്‍ ബൗളിംഗ് നിരയെ (Team India) പുകഴ്‌ത്തി മുന്‍ ബൗളിംഗ് ഉപദേശകന്‍ എറിക് സൈമണ്‍സ് (Eric Simons). താന്‍ കണ്ട ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാള്‍ എന്നാണ് സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയെ (Jasprit Bumrah) സൈമണ്‍സ് വിശേഷിപ്പിക്കുന്നത്. 

'ഞാന്‍ കണ്ട ഏറ്റവും കൃത്യതയുള്ള ബൗളര്‍മാരില്‍ ഒരാളാണ് ജസ്‌പ്രീത് ബുമ്ര. ഐപിഎല്ലില്‍ അദേഹത്തിനെതിരെ കളിക്കുമ്പോള്‍ സംസാരിച്ചിട്ടുണ്ട്. ബുമ്രയെ പോലുള്ള ക്രിക്കറ്റ് തലച്ചോര്‍ അതിശയിപ്പിക്കുന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കളിയെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ഐപിഎല്ലില്‍ ലോകമെമ്പാടുമുള്ള ബൗളര്‍മാരുമായി പ്രവര്‍ത്തിക്കുമ്പോള്‍, ക്രിക്കറ്റിനെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് ഇന്ത്യന്‍ ബൗളര്‍മാരെന്ന് മനസിലാക്കിയിട്ടുണ്ട്. ചിലപ്പോള്‍ ഇത് തെറ്റായിരിക്കാം. നിങ്ങള്‍ വിയോജിച്ചേക്കാം' എന്നും എറിക് സൈമണ്‍സ് ന്യൂസ് 18നോട് പറഞ്ഞു. 

ബുമ്ര മികച്ച നേതാവാണ്. എല്ലാ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കും അവരുടേതായ പദ്ധതികളുണ്ട്. ബാറ്റ്സ്‌മാന്‍മാരെ കൃത്യമായി വിലയിരുത്തുന്ന, വ്യക്തമായ തന്ത്രങ്ങളുള്ളവരാണ് ഇന്ത്യന്‍ താരങ്ങളെന്ന് അവര്‍ക്കിടയിലെ ചര്‍ച്ചകള്‍ മനസിലാക്കിയാല്‍ വ്യക്തമാകും എന്നും എറിക് സൈമണ്‍ കൂട്ടിച്ചേര്‍ത്തു. 2010-2012 കാലത്ത് ടീം ഇന്ത്യയുടെ ബൗളിംഗ് കണ്‍സള്‍ട്ടന്‍റായിരുന്നു എറിക് സൈമണ്‍സ്. 

കേപ് ടൗണിൽ ചൊവ്വാഴ്‌ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന് തുടക്കമാവും. കേപ് ടൗണിൽ ജയിച്ചാൽ ചരിത്രത്തിൽ ആദ്യമായി ടീം ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കാം. ഓരോ മത്സരം ജയിച്ച് ഇരു ടീമും 1-1ന് തുല്യത പാലിക്കുകയാണിപ്പോള്‍. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 113 റണ്‍സിന് ജയിച്ചപ്പോള്‍ വാണ്ടറേഴ്‌സില്‍ ദക്ഷിണാഫ്രിക്ക തിരിച്ചുവരികയായിരുന്നു. ഏഴ് വിക്കറ്റിനായിരുന്നു പ്രോട്ടീസ് ജയം. 

NZ vs BAN : മണ്ടത്തരങ്ങളുടെ ഘോഷയാത്ര, ഒരു പന്തില്‍ ഏഴ് റണ്‍സ് എറി‌ഞ്ഞുനല്‍കി ബംഗ്ലാദേശ്! വീഡിയോ