ആദ്യദിനം ഉച്ചഭക്ഷണത്തിന് ശേഷമുള്ള ആദ്യ ഓവറിലെ അവസാന പന്തിലായിരുന്നു നാടകീയ രംഗങ്ങള്‍

ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലന്‍ഡ്-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റില്‍ (New Zealand vs Bangladesh 2nd Test) ആദ്യദിനം നാടകീയത. കിവീസ് ബാറ്റര്‍ വില്‍ യങ് (Will Young) ബാറ്റ് ചെയ്യവേ ഓവര്‍‌ത്രോയിലൂടെ ഒരു പന്തില്‍ ഏഴ് റണ്‍സ് ബംഗ്ലാ ഫീല്‍ഡര്‍മാര്‍ വിട്ടുകൊടുത്തതാണ് പൊട്ടിച്ചിരിപ്പിച്ചത്. 

ആദ്യദിനം ഉച്ചഭക്ഷണത്തിന് ശേഷമുള്ള ആദ്യ ഓവറിലെ അവസാന പന്തിലായിരുന്നു നാടകീയ രംഗങ്ങള്‍. എബാദത്ത് ഹൊസൈന്‍റെ പന്ത് യങ്ങിന്‍റെ ബാറ്റില്‍ എഡ്‌ജായി സ്ലിപ്പിലേക്ക് തെന്നിമാറി. ഫസ്റ്റ് സ്ലിപ് ഫീല്‍ഡറുടെ നേര്‍ക്ക് വന്ന പന്ത് ഇടത്തോട്ട് മുഴുനീള ഡൈവിംഗിലൂടെ സെക്കന്‍ഡ് സ്ലിപ് ഫീല്‍ഡര്‍ പിടിക്കാന്‍ ശ്രമിച്ചതോടെ ട്വിസ്റ്റ് തുടങ്ങി. പന്ത് ഫീല്‍ഡറുടെ കയ്യില്‍ത്തട്ടി തെറിച്ച് ഫൈന്‍ ലെഗ് ബൗണ്ടറിയിലേക്ക് നീങ്ങി. ഇതിനിടെ മൂന്ന് റണ്‍സ് ഓടിയെടുത്തിരുന്നു ടോം ലാഥമും വില്‍ യങ്ങും. 

എന്നാല്‍ ബൗണ്ടറിയില്‍ പന്ത് കൈക്കലാക്കിയ നുരുല്‍ ഹസന്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് പന്ത് നീട്ടിയെറിഞ്ഞു. രണ്ട് ഫീല്‍ഡര്‍മാരെ കടന്ന് ഈ പന്ത് ബൗണ്ടറില്‍ തൊട്ടതോടെ നാല് റണ്‍സ് കൂടി ന്യൂസിലന്‍ഡിന്‍റെ അക്കൗണ്ടില്‍ ചേര്‍ക്കപ്പെടുകയായിരുന്നു.

Scroll to load tweet…

ക്രൈസ്റ്റ് ചര്‍ച്ചില്‍ ആദ്യദിനം സ്റ്റംപെടുത്തപ്പോള്‍ 349-1 എന്ന അതിശക്തമായ നിലയിലാണ് ന്യൂസിലന്‍ഡ്. 278 പന്തില്‍ 186 റണ്‍സുമായി നായകന്‍ ടോം ലാഥവും 148 പന്തില്‍ 99 റണ്‍സുമായി ദേവോണ്‍ കേണ്‍വെയുമാണ് ക്രീസില്‍. 114 പന്തില്‍ 54 റണ്‍സെടുത്ത വില്‍ യങ്ങിനെ ഷൊരീഫുള്‍ ഇസ്‌ലം പുറത്താക്കി. നൈബിനായിരുന്നു ക്യാച്ച്. ഓപ്പണിംഗ് വിക്കറ്റില്‍ യങ്ങും ലാഥവും 37.6 ഓവറില്‍ 148 റണ്‍സ് ചേര്‍ത്തു. ആദ്യ ടെസ്റ്റ് വിജയിച്ച ബംഗ്ലാദേശ് പരമ്പരയില്‍ 1-0ന് മുന്നില്‍ നില്‍ക്കുകയാണ്.

SA vs IND : അവര്‍ നന്നായി കളിക്കുന്നുണ്ടോ? ഇന്ത്യന്‍ ടീം സെലക്ഷനില്‍ ചോദ്യങ്ങളുമായി സാബാ കരീം