17 പന്തില്‍ ഒരു റണ്ണെടുക്കാനെ  വാന്‍ ഡെര്‍ ഡസ്സന് കഴിഞ്ഞിരുന്നുള്ളു. അപ്പീല്‍ ചെയ്ത ഉടനെ ഫീല്‍ഡ് അമ്പയര്‍ മറെ ഇറാസ്മസ് ഔട്ട് വിധിക്കുകയും വാന്‍ഡര്‍ ഡസ്സന്‍ ക്രീസ് വിടുകയും ചെയ്തു. എന്നാല്‍ പീന്നീട് റീപ്ലേകളില്‍ റിഷഭ് പന്ത്, ക്യാച്ചെടുക്കും മുമ്പ് പന്ത് നിലത്തുകുത്തിയിരുന്നതായി കണ്ടതാണ് വിവാദത്തിന് കാരണമായത്.

ജൊഹന്നസ്‌ബര്‍ഗ്: വാണ്ടറേഴ്‌സിലെ രണ്ടാം ടെസ്റ്റില്‍ (South Africa vs India 2nd Test) രണ്ടാം ദിനം ഷര്‍ദ്ദുല്‍ ഠാക്കൂറിന്‍റെ(Shardul Thakur) പന്തില്‍ റാസി വാന്‍ ഡെര്‍ ഡസ്സനെ(Rassie van der Dussen) പുറത്താക്കാന്‍ റിഷഭ് പന്ത്(Rishabh Pant) എടുത്ത ക്യാച്ചിനെച്ചൊല്ലി വിവാദം. രണ്ടാം ദിനം ല‍ഞ്ചിന് തൊട്ടുമുമ്പുള്ള ഠാക്കൂറിന്‍റെ ഓവറിലാണ് വാന്‍ ഡെര്‍ ഡസ്സന്‍ പുറത്തായത്. പാഡിലും ബാറ്റിലും തട്ടിയ പന്ത് വിക്കറ്റിന് പിന്നില്‍ റിഷഭ് പന്ത് കൈയിലൊതുക്കുകയായിരുന്നു. 17 പന്തില്‍ ഒരു റണ്ണെടുക്കാനെ വാന്‍ ഡെര്‍ ഡസ്സന് കഴിഞ്ഞിരുന്നുള്ളു. അപ്പീല്‍ ചെയ്ത ഉടനെ ഫീല്‍ഡ് അമ്പയര്‍ മറെ ഇറാസ്മസ് ഔട്ട് വിധിക്കുകയും വാന്‍ഡര്‍ ഡസ്സന്‍ ക്രീസ് വിടുകയും ചെയ്തു.

എന്നാല്‍ പീന്നീട് റീപ്ലേകളില്‍ റിഷഭ് പന്ത്, ക്യാച്ചെടുക്കും മുമ്പ് പന്ത് നിലത്തുകുത്തിയിരുന്നതായി കണ്ടതാണ് വിവാദത്തിന് കാരണമായത്. ഫ്രണ്ട് വ്യൂവില്‍ പന്ത് നിലത്തു കുത്തിയെന്നും സൈഡ് വ്യൂവില്‍ പന്ത് നേരെ റിഷബ് പന്തിന്‍റെ കൈകളിലെത്തിയെന്നുമാണ് റീപ്ലേകളില്‍ കണ്ടത്. തുടര്‍ന്ന് ലഞ്ചിന്‍റെ ഇടവേളയില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറും ടീം മാനേജറും അമ്പയര്‍മാരുടെ റൂമിലെത്തി സംസാരിച്ചു. എന്നാല്‍ പന്ത് നിലത്ത് കുത്തിയിരുന്നോ എന്ന് വ്യക്തമായി പറയാനാവാത്തതിനാല്‍ ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം നിലനിര്‍ത്താന്‍ മൂന്നാം അമ്പയറും തീരുമാനിക്കുകയായിരുന്നു. ഇതോടെ വാന്‍ ഡ‍െര്‍ ഡസ്സന്‍ ലഞ്ചിനുശേഷം വീണ്ടും ബാറ്റിംഗിനിറങ്ങുമോ എന്ന ആശങ്കയ്ക്കും വിരാമമമായി.

Scroll to load tweet…

പന്ത് നിലത്തു കുത്തിയെന്ന് വ്യക്തായിരുന്നെങ്കില്‍ വാന്‍ ഡെര്‍ ഡസ്സനെ തിരിച്ചു വിളിക്കാന്‍ ഫീല്‍ഡിംഗ് ക്യാപ്റ്റനായ കെ എല്‍ രാഹുലിന് തേര്‍ഡ‍് അമ്പയര്‍ അവസരം നല്‍കുമായിരുന്നു. പന്ത് നിലത്തു കുത്തിയിരുന്നോ എന്ന് വ്യക്തമല്ലാത്തതിനാല്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം തന്നെയാണ് ശരിയെന്ന് കമന്‍ററി ബോക്സിലുണ്ടായിരുന്ന മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കറും അഭിപ്രായപ്പെട്ടു.

നേരത്തെ ഒരു വിക്കറ്റിന് 35 റൺസ് എന്ന നിലയില്‍ രണ്ടാംദിനം ക്രീസിലെത്തിയ ദക്ഷിണാഫ്രിക്ക102-4 എന്ന നിലയിലാണ് ഉച്ചഭക്ഷണത്തിന് പിരിഞ്ഞത്. 4.5 ഓവറില്‍ 8 റണ്ണിന് മൂന്ന് വിക്കറ്റുമായി ഷര്‍ദ്ദുല്‍ ഠാക്കൂറാണ് പ്രോട്ടീസിനെ ഇന്ന് വിറപ്പിച്ചത്.
ഇന്ന് കളി പുനരാരംഭിക്കുമ്പോള്‍ 11 റൺസുമായി നായകൻ ഡീൻ എൽഗാറും 14 റൺസുമായി കീഗൻ പീറ്റേഴ്‌സണുമായിരുന്നു ക്രീസിൽ. നന്നായി തുടങ്ങിയെങ്കിലും എല്‍ഗാറിനെ ദക്ഷിണാഫ്രിക്കയ്‌ക്ക് ആദ്യം നഷ്‌ടമായി. 120 പന്ത് പ്രതിരോധിച്ച് 28 റണ്‍സെടുത്ത താരത്തെ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. അര്‍ധ സെഞ്ചുറിക്ക് പിന്നാലെ കീഗൻ പീറ്റേഴ്‌സണെ(62) ഠാക്കൂര്‍ സ്ലിപ്പില്‍ മായങ്കിന്‍റെ കൈകളിലാക്കി. നാലാമനായെത്തിയ റാസീ വാന്‍ ഡെര്‍ ഡെസ്സനെയും(1) ഠാക്കൂര്‍ മടക്കി. ഇന്നലെ എയ്‌ഡന്‍ മാര്‍ക്രമിനെ(7) ഷമി പുറത്താക്കിയിരുന്നു.

ഇന്നലെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ഇന്നിംഗ്‌സിൽ 202 റൺസിന് പുറത്തായിരുന്നു. 50 റൺസെടുത്ത നായകൻ കെ എൽ രാഹുലാണ് ടോപ് സ്കോറർ. ഏഴാമനായിറങ്ങി 50 പന്തില്‍ 46 റണ്‍സെടുത്ത ആര്‍ അശ്വിന്‍റെ പ്രകടനം നിര്‍ണായകമായി. മായങ്ക് അഗര്‍വാള്‍(28), ഹനുമാ വിഹാരി(20), റിഷഭ് പന്ത്(17), ഷര്‍ദ്ദുല്‍ ഠാക്കൂര്‍(0), മുഹമ്മദ് ഷമി(9), ജസ്‌പ്രീത് ബുമ്ര(14), മുഹമ്മദ് സിറാജ്(1) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍.

ആദ്യ ടെസ്റ്റിൽ ജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. വാണ്ടറേഴ്‌സില്‍ ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയില്‍ ചരിത്രത്തിലാദ്യമായി ടീം ഇന്ത്യക്ക് ടെസ്റ്റ് പരമ്പരയുയര്‍ത്താം.