രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ശുഭ്‌മാന്‍ ഗില്‍ തുടങ്ങിയ താരങ്ങള്‍ക്ക് പിന്നാലെയാണ് രോഹിത്തിനും പരിക്കേറ്റത് എന്നതാണ് ചോപ്രയെ ആശങ്കയിലാക്കുന്നത്

മുംബൈ: സ്റ്റാര്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ്മയ്‌ക്ക് (Rohit Sharma) ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് മത്സരങ്ങള്‍ (India Tour of South Africa 2021-22) നഷ്‌ടമാകുമെന്ന് ഉറപ്പായതോടെ പര്യടനം റദ്ദാക്കേണ്ടിവരുമോ എന്ന ചോദ്യവുമായി മുന്‍താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര (Aakash Chopra). രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ശുഭ്‌മാന്‍ ഗില്‍ തുടങ്ങിയ താരങ്ങള്‍ക്ക് പിന്നാലെയാണ് രോഹിത്തിനും പരിക്കേറ്റത് എന്നതാണ് ചോപ്രയെ ആശങ്കയിലാക്കുന്നത്. 

'രവീന്ദ്ര ജഡേജ കളിക്കാന്‍ സജ്ജമല്ല, അക്‌സര്‍ പട്ടേലും രാഹുല്‍ ചഹാറുമില്ല. ശുഭ്‌മാന്‍ ഗില്ലുമില്ല. ഇപ്പോള്‍ പറയുന്നു രോഹിത് ശര്‍മ്മയുമില്ലെന്ന്. എന്താണ് സംഭവിക്കുന്നത്? ദക്ഷിണാഫ്രിക്കന്‍ പര്യടനം റദ്ദാക്കേണ്ടിവരുമോ?' എന്നുമാണ് തന്‍റെ യൂട്യൂബ് ചാനലിലൂടെ ആകാശ് ചോപ്രയുടെ ചോദ്യം. 

രോഹിത് വലിയ നഷ്‌ടം

'രോഹിത് ശര്‍മ്മ ടീം ഇന്ത്യക്ക് വലിയ നഷ്‌ടമായിരിക്കും. രോഹിത് കളിക്കുന്നത് സംശയത്തിലാണെങ്കില്‍ പര്യടനത്തില്‍ ഇന്ത്യയുടെ സാധ്യതകളും തുലാസിലാവും. കാരണം 2021ല്‍ ഇന്ത്യയുടെ മികച്ച ടെസ്റ്റ് ബാറ്റര്‍ രോഹിത്താണ്. ഇംഗ്ലണ്ടില്‍ എന്തുകൊണ്ട് ഇന്ത്യ മികച്ച പ്രകടനം കാഴ്‌ചവെച്ചു. അവിടെ രാഹുലിനൊപ്പം രോഹിത്തുണ്ടായിരുന്നു എന്നതാണ് കാരണം. രോഹിത് ടെസ്റ്റ് ക്രിക്കറ്റിനെ ഇഷ്‌ടപ്പെട്ട് തുടങ്ങിയിരുന്നു, പന്ത് ലീവ് ചെയ്യുന്നതും പ്രതിരോധിക്കുന്നതും ആസ്വദിക്കുന്നു.

ശുഭ്‌മാന്‍ ഗില്ലും മായങ്ക് അഗര്‍വാളും അടുത്തകാലത്താണ് ഓപ്പണ്‍ ചെയ്യാന്‍ തുടങ്ങിയത്. കെ എല്‍ രാഹുലിന് പരിക്കായിരുന്നു. ഞാന്‍ അടുത്തിടെ അദേഹത്തെ കണ്ടിരുന്നു. ആരോഗ്യം ഓക്കെയാണ് എന്നാണ് രാഹുല്‍ പറഞ്ഞത്. രാഹുലിനൊപ്പം മായങ്ക് അഗര്‍വാള്‍ ഓപ്പണ്‍ ചെയ്യുന്നത് കാണാം. എന്നാല്‍ ആരായിരിക്കും ടീമിലെ മൂന്നാം ഓപ്പണര്‍' എന്നും ചോപ്ര ആരാഞ്ഞു. 

Virat Kohli : വിരാട് കോലി അതൃപ്‌തന്‍? ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിനങ്ങളില്‍ നിന്ന് പിന്‍മാറി

രോഹിത്തിന്‍റെ പരിക്ക് പരിശീലനത്തിനിടെ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഉപനായകന്‍ രോഹിത് ശര്‍മ്മ കളിക്കില്ലെന്ന് ബിസിസിഐ ഇന്നലെ അറിയിച്ചിരുന്നു. ഞായറാഴ്‌ച മുംബൈയില്‍ നെറ്റ്സില്‍ പരിശീലനം നടത്തുന്നതിനിടെ രോഹിത് ശര്‍മ്മയുടെ വലത് തുടയ്ക്ക് പരിക്കേറ്റു എന്നാണ് ബിസിസിഐ വ്യക്തമാക്കിയത്. ടെസ്റ്റ് പരമ്പരയില്‍ രോഹിത്തിന്‍റെ പകരക്കാരനായി പ്രിയങ്ക് പാഞ്ചലിനെ സെലക്‌ടര്‍മാര്‍ ടീമിലുള്‍പ്പെടുത്തി. രോഹിത് പുറത്തായ സാഹചര്യത്തില്‍ ആരാകും ടെസ്റ്റില്‍ വൈസ് ക്യാപ്റ്റനാവുകയെന്ന് വ്യക്തമല്ല. 

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്

വിരാട് കോലി(ക്യാപ്റ്റന്‍), പ്രിയങ്ക് പാഞ്ചല്‍, കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), രവിചന്ദ്ര അശ്വിന്‍, ജയന്ത് യാദവ്, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്‌പ്രീത് ബുമ്ര, ഷര്‍ദ്ദുള്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്. 

Rohit Sharma : രോഹിത് ശര്‍മ്മ ഒരു ടെസ്റ്റ് പോലും നഷ്‌ടപ്പെടുത്തേണ്ട താരമല്ല, ഇന്ത്യക്ക് കനത്ത പ്രഹരം: ഗംഭീര്‍