രോഹിത്തിനെ ഏകദിന നായകനാക്കിയതില്‍ കോലി സംതൃപ്‌നല്ല എന്ന് അഭ്യൂഹങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ പ്രതികരണങ്ങള്‍ ഇരുവരും നടത്തിയിട്ടില്ല.  

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ (Team India) ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ (India Tour of South Africa 2021-22) വിരാട് കോലി (Virat Kohli) ഏകദിന പരമ്പര കളിക്കില്ല. കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്നതിന് വേണ്ടിയാണ് വിട്ടുനില്‍ക്കുന്നതെന്നാണ് കോലിയുടെ വിശദീകരണം. ഇക്കാര്യം കോലി ബിസിസിഐയെ (BCCI) ധരിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്. കോലിയെ ഏകദിന നായകപദവിയില്‍ നിന്ന് നീക്കിയതിന് ശേഷം ടീം ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. 

കോലിയുടെ പിന്‍മാറ്റത്തിന് ക്യാപ്റ്റന്‍സി വിവാദവുമായി ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. രോഹിത്തിനെ ഏകദിന നായകനാക്കിയതില്‍ കോലി സംതൃപ്‌നല്ല എന്ന് അഭ്യൂഹങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ പ്രതികരണം താരങ്ങള്‍ ഇരുവരും നടത്തിയിട്ടില്ല. 

രോഹിത് ടെസ്റ്റിനില്ല

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഉപനായകന്‍ രോഹിത് ശര്‍മ്മ കളിക്കില്ലെന്ന് ബിസിസിഐ ഇന്നലെ അറിയിച്ചിരുന്നു. ഞായറാഴ്‌ച മുംബൈയില്‍ നെറ്റ്സില്‍ പരിശീലനം നടത്തുന്നതിനിടെ രോഹിത് ശര്‍മ്മയുടെ വലത് തുടയ്ക്ക് പരിക്കേറ്റു എന്നാണ് വിശദീകരണം. ടെസ്റ്റ് പരമ്പരയില്‍ രോഹിത്തിന്‍റെ പകരക്കാരനായി പ്രിയങ്ക് പാഞ്ചലിനെ സെലക്‌ടര്‍മാര്‍ ടീമിലുള്‍പ്പെടുത്തി. 

ഏകദിനങ്ങളില്‍ വിരാട് കോലിക്ക് പകരം രോഹിത് ശര്‍മ്മയെ നായകനായി തെരഞ്ഞെടുത്തതിനൊപ്പം ടെസ്റ്റ് പരമ്പരയില്‍ ഹിറ്റ്‌മാനെ അജിങ്ക്യ രഹാനെക്ക് പകരം വൈസ് ക്യാപ്റ്റനായും ബിസിസിഐ നിയോഗിച്ചിരുന്നു. എന്നാല്‍ രോഹിത് ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്തായ സാഹചര്യത്തില്‍ ആരാകും വൈസ് ക്യാപ്റ്റനാവുകയെന്ന കാര്യം ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. ഏകദിന പരമ്പരയില്‍ കോലിക്ക് പകരക്കാരനുണ്ടാവുമോ എന്നും ഇപ്പോള്‍ വ്യക്തമല്ല. 

Rohit Sharma : രോഹിത് ശര്‍മ പരിക്കേറ്റ് പുറത്ത്; ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ പകരക്കാരനെ പ്രഖ്യാപിച്ചു