43 റണ്ണിന് അഞ്ച് വിക്കറ്റുമായി ഷര്‍ദ്ദുല്‍ ഠാക്കൂറാണ് ദക്ഷിണാഫ്രിക്കയെ ഇന്ന് വിറപ്പിച്ചത്. മൂന്ന് വിക്കറ്റ് ശേഷിക്കേ ഇന്ത്യന്‍ സ്കോറിനൊപ്പമെത്താന്‍ ദക്ഷിണാഫ്രിക്കക്ക് 11 റണ്‍സ് കൂടി മതി.
ജൊഹന്നസ്‌ബര്‍ഗ്: വാണ്ടറേഴ്‌സിലെ രണ്ടാം ടെസ്റ്റില്‍ (South Africa vs India 2nd Test) ഇന്ത്യക്കെതിരെ ഒന്നാം ഇന്നിംഗ്‌സില്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിന്‍റെ മീഡിയം പേസിന് മുമ്പില്‍ ദക്ഷിണാഫ്രിക്കക്ക് അടി തെറ്റി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 202 റണ്‍സിന് മറുപടിയായി ഒരു വിക്കറ്റിന് 35 റൺസ് എന്ന നിലയില്‍ രണ്ടാംദിനം ക്രീസിലെത്തിയ ദക്ഷിണാഫ്രിക്ക ചായക്ക് പിരിയുമ്പോള്‍ 191-7 എന്ന നിലയില്‍ തകര്‍ച്ച നേരിടുകയാണ്. രണ്ട് റണ്‍സുമായി മാര്‍ക്കോ ജാന്‍സണും(Marco Jansen) 11 റണ്‍സുമായി കേശവ് മഹാരാജും(Keshav Maharaj) ക്രീസില്‍. അര്‍ധസെഞ്ചുറി നേടിയ കീഗാന്‍ പീറ്റേഴ്സണും(Keegan Petersen) തെംബാ ബാവുമയും (Temba Bavuma) ദക്ഷിണാഫ്രിക്കയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. 43 റണ്ണിന് അഞ്ച് വിക്കറ്റുമായി ഷര്‍ദ്ദുല്‍ ഠാക്കൂറാണ് ദക്ഷിണാഫ്രിക്കയെ ഇന്ന് വിറപ്പിച്ചത്. മൂന്ന് വിക്കറ്റ് ശേഷിക്കേ ഇന്ത്യന്‍ സ്കോറിനൊപ്പമെത്താന്‍ ദക്ഷിണാഫ്രിക്കക്ക് 11 റണ്‍സ് കൂടി മതി.
നന്നായി തുടങ്ങി, പിന്നെ ഷര്‍ദ്ദുലിന് മുന്നില്‍ മുട്ടുമടക്കി
ഇന്ന് കളി പുനരാരംഭിക്കുമ്പോള്‍ 11 റൺസുമായി നായകൻ ഡീൻ എൽഗാറും 14 റൺസുമായി കീഗൻ പീറ്റേഴ്‌സണുമായിരുന്നു ക്രീസിൽ. നന്നായി തുടങ്ങിയെങ്കിലും എല്‍ഗാറിനെ ദക്ഷിണാഫ്രിക്കയ്‌ക്ക് ആദ്യം നഷ്‌ടമായി. 120 പന്ത് പ്രതിരോധിച്ച് 28 റണ്‍സെടുത്ത താരത്തെ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. അര്‍ധ സെഞ്ചുറിക്ക് പിന്നാലെ കീഗൻ പീറ്റേഴ്‌സണെ(62) ഠാക്കൂര്‍ സ്ലിപ്പില്‍ മായങ്കിന്‍റെ കൈകളിലാക്കി. നാലാമനായെത്തിയ റാസീ വാന്‍ ഡെര്‍ ഡെസ്സനെയും(1) ഠാക്കൂര്‍ മടക്കിയതോടെ ദക്ഷിണാഫ്രിക്ക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. ഇന്നലെ എയ്‌ഡന്‍ മാര്‍ക്രമിനെ(7) ഷമി പുറത്താക്കിയിരുന്നു.
രക്ഷകനായി ബാവുമ, വീണ്ടും ഠാക്കൂറിന്‍റെ ഇരട്ടപ്രഹരം
കൂട്ടത്തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്ന ദക്ഷിണാഫ്രിക്കയെ അഞ്ചാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ തെംബാ ബാവുമ-കെയ്ല്‍ വെരേനെ സഖ്യമാണ് കരകയറ്റിയത്. 102-4 എന്ന സ്കോറില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ഇരുവരും ദക്ഷിണാഫ്രിക്കയെ 162 റണ്‍സിലെത്തിച്ചു. ഇന്ത്യക്ക് ഭീഷണിയായി വളര്‍ന്ന കൂട്ടുകെട്ട് പൊളിച്ചതും ഷര്‍ദ്ദുലാണ്. ആദ്യം വെരേനെയെ(21) വിക്കറ്റിന് മുന്നില്‍ കുടുക്കിയ ഷര്‍ദ്ദുല്‍ അര്‍ധസെഞ്ചുറി നേടിയതിന് പിന്നാലെ ബാവുമയെ(51) വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന്‍റെ കൈകളിലേക്ക് അയച്ചു. ഇരുവരും പുറത്തായതിന് പിന്നാലെ കാഗിസോ റബാഡയെ(0)ന് മടക്കി മുഹമ്മദ് ഷമിയും ദക്ഷിണാഫ്രിക്കയുടെ പതനത്തിന് ആക്കം കൂട്ടി. 179-7ലേക്ക് വീണ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ ലീഡ് പ്രതീക്ഷിച്ചെങ്കിലും കേശവ് മഹാരാജും ജാന്‍സണും ചേര്‍ന്ന് അവരെ ചായക്ക് പിരിയുമ്പോള്‍ 191ല്‍ എത്തിച്ചു. ഇന്ത്യക്കായി ഷര്‍ദ്ദുല്‍ ഠാക്കൂര്‍ അഞ്ചും മുഹമ്മദ് ഷമി രണ്ടും വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുമ്രക്കും ആര്‍ അശ്വിനും വിക്കറ്റൊന്നും വീഴ്ത്താനായില്ല.
ഇന്നലെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ഇന്നിംഗ്‌സിൽ 202 റൺസിന് പുറത്തായിരുന്നു. 50 റൺസെടുത്ത നായകൻ കെ എൽ രാഹുലാണ് ടോപ് സ്കോറർ. ചേതേശ്വർ പൂജാര മൂന്നും അജിങ്ക്യ രഹാനെ പൂജ്യത്തിനും പുറത്തായപ്പോള്‍ ഏഴാമനായിറങ്ങി 50 പന്തില്‍ 46 റണ്‍സെടുത്ത ആര്‍ അശ്വിന്‍റെ പ്രകടനം നിര്‍ണായകമായി. മായങ്ക് അഗര്‍വാള്‍(28), ഹനുമാ വിഹാരി(20), റിഷഭ് പന്ത്(17), ഷര്‍ദ്ദുല്‍ ഠാക്കൂര്‍(0), മുഹമ്മദ് ഷമി(9), ജസ്‌പ്രീത് ബുമ്ര(14), മുഹമ്മദ് സിറാജ്(1) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍.
ആദ്യ ടെസ്റ്റിൽ ജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. വാണ്ടറേഴ്‌സില്‍ ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയില്‍ ചരിത്രത്തിലാദ്യമായി ടീം ഇന്ത്യക്ക് ടെസ്റ്റ് പരമ്പരയുയര്‍ത്താം.
