കേപ്ടൗണില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് വിരാട് കോലിയുടെ 79 (Virat Kohli) റണ്‍സാണ് തുണയായത്. കഗിസോ റബാദ (Kagiso Rabada) ദക്ഷിണാഫ്രിക്കയ്ക്കായി നാല് വിക്കറ്റ് വീഴ്ത്തി.
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (South Africa)- മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 223ന് അവസാനിച്ചു. കേപ്ടൗണില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് വിരാട് കോലിയുടെ 79 (Virat Kohli) റണ്‍സാണ് തുണയായത്. കഗിസോ റബാദ (Kagiso Rabada) ദക്ഷിണാഫ്രിക്കയ്ക്കായി നാല് വിക്കറ്റ് വീഴ്ത്തി. മാര്‍ക്കോ ജാന്‍സണ് മൂന്ന് വിക്കറ്റുണ്ട്. കോലി സെഞ്ചുറി വരള്‍ച്ചയ്ക്ക് അറുതി വരുത്തുമെന്ന് കരുതിയെങ്കിലും റബാദ സമ്മതിച്ചില്ല.
12-ാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 15 റണ്‍സെടുത്ത മായങ്കിനെ (Mayanak Agarwal) റബാദ, എയ്ഡന്‍ മാര്‍ക്രമിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറില്‍ വൈസ് ക്യാപ്റ്റന്‍ രാഹുലും (KL Rahul) മടങ്ങി. ഡുവാനെയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെയ്ല്‍ വെറെയ്‌നെയ്ക്ക് ക്യാച്ച്. ഓപ്പണര്‍മാരെ നഷ്ടമായെങ്കിലും കോലിയും പൂജാരയും ആദ്യ സെഷനില്‍ വിക്കറ്റ് പോവാതെ കാത്തു.
രണ്ടാം സെഷനില്‍ ചേതേശ്വര്‍ പൂജാരയും (43), അജിന്‍ക്യ രഹാനെയും (9) മടങ്ങി. നന്നായി തുടങ്ങിയ ശേഷമാണ് പൂജാര മടങ്ങിയത്. ജാന്‍സണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച്. രഹാനെ ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. 9 റണ്‍സെടുത്ത താരം റബാദയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി. ചായ സമയം വരെ വിക്കറ്റ് പോവാതെ കോലിയും റിഷഭ് പന്തും (27) കാത്തു.
എന്നാല്‍ ചായയ്ക്ക് പന്തും പവലിയനില്‍ തിരിച്ചെത്തി. ജാന്‍സണിന്റെ പന്തില്‍ കീഗന്‍ പീറ്റേഴ്‌സനായിരുന്നു ക്യാച്ച്. ആര്‍ അശ്വിന് (2) പത്ത് പന്ത് മാത്രമായിരുന്നു ആയുസ്. ജാന്‍സണ്‍ തന്നെയാണ് അശ്വിനേയും മടക്കിയത്. ഷാര്‍ദുല്‍ ഠാക്കൂര്‍ (12) കേശവ് മഹാരാജിന്റെ പന്തില്‍ പീറ്റേഴ്‌സന് ക്യാച്ച് നല്‍കി. ജസ്പ്രിത ബുമ്ര (0) റബാദയുടെ പന്തില്‍ ഡീന്‍ എല്‍ഗാറിന് ക്യാച്ച് നല്‍കുകയായിരുന്നു. മനോഹരമായി കളിച്ചുകൊണ്ടിരിക്കുകായിരുന്ന കോലിയെ റബാദയാണ് മടക്കിയത്. ഓഫ്സ്റ്റംപിന് പുറത്തുപോയ പന്തില്‍ കോലിയുടെ ബാറ്റുരസി. ഒരു സിക്‌സും 12 ഫോറും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്.
നേരത്തെ രണ്ട് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. കോലി പരിക്ക് മാറി തിരിച്ചെത്തിയപ്പോള്‍ ഹനുമ വിഹാരിക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞു. രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റിരുന്ന മുഹമ്മദ് സിറാജിനും കളത്തിലിറങ്ങാനായില്ല. ഉമേഷ് യാദവാണ് ടീമിലെത്തിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഓരോ ടെസ്റ്റുകള്‍ വീതം ജയിച്ചിരുന്നു. കേപ്ടൗണില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.
ടീം ഇന്ത്യ: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, ഉമേഷ് യാദവ്.
ദക്ഷിണാഫ്രിക്ക: ഡീന്‍ എല്‍ഗാര്‍, എയ്ഡന്‍ മാര്‍ക്രം, കീഗന്‍ പീറ്റേഴ്‌സണ്‍, റാസി വാന്‍ ഡെര്‍ ഡസ്സന്‍, തെംബ ബവൂമ, കെയ്ല്‍ വെറൈയ്‌നെ, മാര്‍കോ ജാന്‍സണ്‍, കഗിസോ റബാദ,കേശവ് മഹാരാജ്, ഡുവാനെ ഒലിവര്‍, ലുങ്കി എന്‍ഗിഡി.
