കൊവിഡ് ബാധിതനായ വാഷിംഗ്ടണ്‍ സുന്ദറിന് പകരമാണ് ജയന്ത് എത്തുന്നത്. പരിക്കറ്റ മുഹമ്മദ് സിറാജിന്റെ ബാക്ക് അപ്പ് ബൗളറായിട്ടാണ് സൈനിയെ ടീമില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ ഇരുവരും ദക്ഷിണാഫ്രിക്കയിലുണ്ട്.
മുംബൈ: ദക്ഷിണഫ്രിക്കയ്‌ക്കെതിരെ (SAvIND) ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന് ടീമില്‍ രണ്ട് മാറ്റം. സ്പിന്നര്‍ ജയന്ത് യാദവ് (Jayant Yadav), പേസര്‍ നവ്ദീപ് (Navdeep Saini) സൈനി എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. കൊവിഡ് ബാധിതനായ വാഷിംഗ്ടണ്‍ സുന്ദറിന് പകരമാണ് ജയന്ത് എത്തുന്നത്. പരിക്കറ്റ മുഹമ്മദ് സിറാജിന്റെ ബാക്ക് അപ്പ് ബൗളറായിട്ടാണ് സൈനിയെ ടീമില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ ഇരുവരും ദക്ഷിണാഫ്രിക്കയിലുണ്ട്.
ഏകദിനത്തില്‍ ഇന്ത്യക്ക് ഒരിക്കല്‍ മാത്രമാണ് യാദവ് കളിച്ചിട്ടുള്ളത്. 2016ലായിരുന്നു അത്. ഈ ഡിസംബറില്‍ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലും താരം കളിക്കുകയുണ്ടായി. രണ്ടാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്താന്‍ ജയന്തിനായിരുന്നു. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരെ നടന്ന ഏകദിനത്തിലാണ് സൈനി അവസാനമായി ഇന്ത്യയുടെ ഏകദിന ജേഴ്‌സിയണിഞ്ഞത്.
പിന്നീട് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ എ ടീമിലും താരം കളിച്ചു. മികച്ച പ്രകടനമായിരുന്നു സൈനിയുടേത്. 11 വിക്കറ്റുകളാണ് സൈനി വീഴ്ത്തിയത്. ജനുവരി 19ന് പാളിലാണ് ആദ്യ ഏകദിനം. രണ്ടാം ഏകദിനം 21ന് ഇതേ ഗ്രൗണ്ടില്‍ തന്നെ നടക്കും. 23ന് കേപ്ടൗണിലാണ് മൂന്നാം ഏകദിനം.
ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, റിതുരാജ് ഗെയ്കവാദ്, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍, ആര്‍ അശ്വിന്‍, ജയന്ത് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, ഷാര്‍ദുല്‍ ഠാക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, നവദീപ് സൈനി (ബാക്ക് അപ്പ്).
