Asianet News MalayalamAsianet News Malayalam

Virat Kohli Press Conference : ദക്ഷിണാഫ്രിക്കന്‍ പര്യടനം; കോലി എന്ത് പറയും? നിര്‍ണായക വാര്‍ത്താസമ്മേളനം ഇന്ന്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ വിരാട് കോലി ഏകദിന പരമ്പര കളിക്കില്ല എന്ന റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു

SA vs IND Virat Kohli to address media today amid South Africa Tour participation in doubt
Author
Mumbai, First Published Dec 15, 2021, 8:41 AM IST

മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് (India Tour of South Africa 2021-22) മുന്നോടിയായി ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോലി (Virat Kohli) ഇന്ന് മാധ്യമങ്ങളെ കാണും. ഉച്ചയ്ക്ക് ഒരു മണിക്കാണ് വാര്‍ത്താസമ്മേളനം. പരിശീലകന്‍ രാഹുല്‍ ദ്രാവിഡും (Rahul Dravid) വാര്‍ത്താസമ്മേളനത്തിൽ പങ്കെടുക്കും. ഏകദിന നായകപദവി നഷ്ടമായ ശേഷം കോലി ഇതുവരെ പ്രതികരിച്ചിട്ടില്ല. രോഹിത്ത് ശര്‍മ്മയുമായി (Rohit Sharma) ഭിന്നതയിലെന്നും ഏകദിന പരമ്പരയിൽ നിന്ന് പിന്മാറുമെന്നുളള അഭ്യൂഹങ്ങള്‍ക്കിടെ കോലിയുടെ വാര്‍ത്താസമ്മേളനം പ്രധാനമാണ്. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ വിരാട് കോലി ഏകദിന പരമ്പര കളിക്കില്ല എന്ന റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു. കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്നതിന് വേണ്ടിയാണ് വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന. ഇക്കാര്യം കോലി ബിസിസിഐയെ അറിയിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്. കോലിയെ ഏകദിന നായകപദവിയില്‍ നിന്ന് നീക്കിയതിന് ശേഷം ടീം ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. 

കോലിയെ വിമര്‍ശിച്ച് അസ്ഹര്‍

ദക്ഷിണാഫ്രിക്കയിലെ ഏകദിന പരമ്പരയിൽ നിന്ന് വിട്ടുനിൽക്കാനുള്ള വിരാട് കോലിയുടെ തീരുമാനത്തെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ പിന്നാലെ രംഗത്തെത്തി. 'താരങ്ങള്‍ വിശ്രമം എടുക്കുന്നതിൽ തെറ്റില്ല. എന്നാൽ ഏത് സമയത്ത് ഇത്തരം തീരുമാനം എടുക്കുന്നു എന്നതാണ് പ്രധാനം. രോഹിത്തിനും കോലിക്കും ഇടയിൽ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കാന്‍ മാത്രമേ തീരുമാനം സഹായിക്കൂ' എന്ന് അസ്ഹര്‍ ട്വിറ്ററില്‍ കുറിച്ചു. ഇരുവരും ഏതെങ്കിലും ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കാന്‍ സാധ്യതയില്ലെന്നും അസ്ഹര്‍ പറഞ്ഞു. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായ അസ്ഹര്‍ ബിസിസിഐ അംഗവുമാണ്. 

രോഹിത് ടെസ്റ്റിനില്ല

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഉപനായകന്‍ രോഹിത് ശര്‍മ്മ പരിക്കിനെ തുടര്‍ന്ന് കളിക്കില്ല. ഞായറാഴ്‌ച മുംബൈയില്‍ നെറ്റ്സില്‍ പരിശീലനം നടത്തുന്നതിനിടെ രോഹിത് ശര്‍മ്മയുടെ വലത് തുടയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു എന്നാണ് ബിസിസിഐ വ്യക്തമാക്കിയത്. ടെസ്റ്റ് പരമ്പരയില്‍ രോഹിത്തിന്‍റെ പകരക്കാരനായി പ്രിയങ്ക് പാഞ്ചലിനെ സെലക്‌ടര്‍മാര്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

SA vs IND : ദക്ഷിണാഫ്രിക്കന്‍ പര്യടനം റദ്ദാക്കേണ്ടിവരുമോ? ചോദ്യവുമായി ആകാശ് ചോപ്ര; കാരണം ഒമിക്രോണ്‍ അല്ല

Follow Us:
Download App:
  • android
  • ios