ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും സഹതാരങ്ങളെ സഹായിക്കാനും ഞാന്‍ എല്ലായ്പ്പോഴും തയാറാണ്. ഭാവിയില്‍ ഏത് സ്ഥാനം ലഭിച്ചാലും ഞാന്‍ അതുപോലെ തന്നെയായിരിക്കും തുടരുക

ജൊഹാനസ്ബര്‍ഗ്: ടെസ്റ്റ് ടീമിന്‍റെ നായകസ്ഥാനം വിരാട് കോലി(Virat Kohli) രാജിവെച്ചതിന് പിന്നാലെ പുതിയ നായകനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. രോഹിത് ശര്‍മയോ(Rohit Sharma), കെ എല്‍ രാഹുലോ(KL Rahul) റിഷഭ് പന്തോ(Rishabh Pant) ആരാകും ഇന്ത്യയെ ടെസ്റ്റില്‍ ഇനി നയിക്കുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പരിക്ക് രോഹിത്തിന് മുന്നില്‍ പലപ്പോഴും വില്ലനായിട്ടുള്ളതിനാല്‍ കെ എല്‍ രാഹുലിന് സാധ്യത കല്‍പിക്കുന്നവരാണ് ഏറെയും. കോലിയുടെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചതും രാഹുലായിരുന്നു. രാഹുല്‍ നായകനായ ടെസ്റ്റില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായത് പേസ് ബൗളര്‍ ജസ്പ്രീത് ബുമ്രയും(Jasprit Bumrah).

ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ അവസരം ലഭിച്ചാല്‍ സ്വീകരിക്കുമെന്ന് തുറന്നു പറയുകയാണ് ബുമ്ര. ഇന്ത്യന്‍ ക്യാപ്റ്റനാവുക എന്നത് ഒരു ബഹുമതിയാണ്. ഏതെങ്കിലും കളിക്കാരന്‍ അത് നിരസിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഞാനും ഒട്ടും വ്യത്യസ്തനല്ല. ഏത് നായകന് കീഴില്‍ ഏത് സ്ഥാനത്ത് കളിച്ചാലും എന്‍റേതായ സംഭാവനകള്‍ നല്‍കാന്‍ ഞാന്‍ എല്ലായ്പ്പോഴും തയാറാണ്. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് മാത്രമാണ് എന്‍റെ ലക്ഷ്യം-ഏകദിന പരമ്പരക്ക് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബുമ്ര പറഞ്ഞു.

ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും സഹതാരങ്ങളെ സഹായിക്കാനും ഞാന്‍ എല്ലായ്പ്പോഴും തയാറാണ്. ഭാവിയില്‍ ഏത് സ്ഥാനം ലഭിച്ചാലും ഞാന്‍ അതുപോലെ തന്നെയായിരിക്കും തുടരുക-ബുമ്ര പറഞ്ഞു.കോലിക്ക് കീഴില്‍ ദക്ഷണിഫ്രിക്കക്കെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ ബുമ്ര കോലി ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിയാനെടുത്ത തീരുമാനത്തെക്കുറിച്ചും മനസുതുറന്നു.

ടീം മീറ്റിംഗാലാണ് കോലി നായകസ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചത്. ടീം അംഗങ്ങള്‍ക്ക് മുഴുവന്‍ ഊര്‍ജ്ജം നല്‍കുന്ന ക്യാപ്റ്റനാണ് കോലി. ടീമിന് പുതിയൊരു ഫിറ്റ്നെസ് സംസ്കാരം തന്നെ സമ്മാനിച്ചത് കോലിയാണ്. അദ്ദേഹത്തിന് കീഴില്‍ ടീം ഒന്നടങ്കടം ഒറ്റലക്ഷ്യത്തിനായി പൊരുതി. കളിക്കാരനെന്ന നിലയിലും ഭാവിയില്‍ അദ്ദേഹത്തില്‍ നിന്ന് വിലയേറിയ സംഭാവനകള്‍ പ്രതീക്ഷിക്കുന്നു. മാറ്റം ഞങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നു. ക്യാപ്റ്റന്‍ സി ഒഴിയാനുള്ള തീരുമാനം അദ്ദേഹത്തിന്‍റെ വ്യക്തിപരമായ തീരുമാനമാണ്. അതിലേക്ക് നയിച്ച കാരണങ്ങളും അദ്ദേഹത്തിന്‍റെ മാനസികാവസ്ഥയും അദ്ദേഹത്തിന് മാത്രമെ അറിയൂ. എങ്കിലും ആ തീരുമാനത്തെ ടീം അംഗീകരിക്കുന്നുവെന്നും ബുമ്ര

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര 2-1ന് അടിയറവെച്ച ഇന്ത്യ 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ജയിച്ച് അഭിമാനം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. കോലിക്ക് പകരം ഏകദിന നായകനായ രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ബുമ്രയാണ് വൈസ് ക്യാപ്റ്റന്‍. ഏകദിനത്തില്‍ നായകനല്ലാതെ ഏറെക്കാലത്തിനുശേഷം കോലി കളിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 19ന് പാളിലാണ് ആദ്യ ഏകദിനം.