കൊച്ചി: അടുത്തിടെ ക്രിക്കറ്റ് ആരാധകരെ ആവേശം കൊള്ളിച്ച വാര്‍ത്തയാണ് എസ് ശ്രീശാന്തിന്റെ തിരിച്ചുവരവ്. ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട വിലക്ക് സെപ്റ്റംബറില്‍ അവസാനിക്കാനിരിക്കെ, പേസ് ബോളര്‍ ശ്രീശാന്തിനെ കേരള രഞ്ജി ടീമിലേക്ക് പരിഗണിക്കുമെന്ന് കേരള പരിശീലകന്‍ ടിനു യോഹന്നാല്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെ താരം പരിശീലനവും ആരംഭിച്ചു.പ്രായം 37 ആയെങ്കിലും ഇനിയും തിളങ്ങാന്‍ കഴിയുമെന്ന് താരം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

ഇതിനിടെ ആരാധകരെ ആവേശം കൊള്ളിക്കുന്ന മറ്റൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് കേരള താരം സച്ചിന്‍ ബേബി. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കളിക്കളത്തിലേക്കുള്ള മടങ്ങിവരവെങ്കിലും ശ്രീശാന്തിന്റെ പന്തുകള്‍ക്ക് മൂര്‍ച്ച നഷ്ടമായിട്ടില്ലെന്നാണ്  സച്ചിന്‍ പറയുന്നത്. ടിവി അവതാരകനായ അരുണ്‍ വേണുഗോപാലുമായുള്ള ഇന്‍സ്റ്റഗ്രാം ഷോയില്‍ സച്ചിന്‍ ബേബി വെളിപ്പെടുത്തി. 

അദ്ദേഹം തുടര്‍ന്നു... ''ശീശാന്തിന്റെ തിരിച്ചുവരവില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്നെ സംബന്ധിച്ച് സഹോദരതുല്യനാണ് അദ്ദേഹം. കഴിഞ്ഞ ഏഴു വര്‍ഷമായി അദ്ദേഹം കേരള ടീമിലേക്ക് മടങ്ങിവരുന്നതും മികച്ച പ്രകടനം പുറത്തെടുക്കുന്നതും കാത്തിരിക്കുന്ന ഒരാളാണ് ഞാന്‍. ഉയര്‍ന്ന തലങ്ങളിലേക്ക് അദ്ദേഹം തിരികെയെത്തണമെന്ന് നാമെല്ലാം ആഗ്രഹിക്കുന്നു. നെറ്റ്‌സില്‍ ശ്രീശാന്തിന്റെ ബോളുകള്‍ നേരിടുമ്പോള്‍ അദ്ദേഹത്തിന്റെ പേസും സ്വിങ്ങും എന്നെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പന്തുകള്‍ നേരിടാന്‍ ഇന്നും ബുദ്ധിമുട്ടാണ്. '' സച്ചിന്‍ പറഞ്ഞു.