മുംബൈ: ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം പുനു:പരിശോധിക്കാനുള്ള ഡിആര്‍എസ് തീരുമാനങ്ങളില്‍ പലപ്പോഴും വിവാദത്തിന് വഴിവെക്കാറുണ്ട്. എല്‍ബിഡബ്ല്യു തീരുമാനങ്ങളില്‍ റിവ്യു ചെയ്യുമ്പോള്‍ പന്ത് സ്റ്റംപില്‍ തട്ടുമെന്ന് വ്യക്തമായാലും ഓണ്‍ ഫീല്‍ഡ് അമ്പയര്‍ നോട്ട് ഔട്ട് വിധിച്ചതിനാല്‍ ഔട്ട് വിളിക്കാതിരിക്കുന്ന സാഹചര്യങ്ങളുമുണ്ട്. എന്നാല്‍ ഇതിന് മാറ്റം വേണമെന്ന് ഐസിസിയോട് അഭ്യര്‍ത്ഥിക്കുകയാണ് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറയുമൊത്ത് തന്റെ ആപ്പിലൂടെ നടത്തിയ സംഭാഷണത്തിലാണ് സച്ചിന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

പന്ത് ഏത് സ്റ്റംപിലാണ് തട്ടുക, എത്ര ശതമാനം തട്ടും എന്നൊന്നും നോക്കാതെ പന്ത് സ്റ്റംപില്‍ തട്ടുമെന്ന് ഡിആര്‍എസില്‍ വ്യക്തമായാല്‍ ഔട്ട് വിധിക്കണമെന്ന് സച്ചിന്‍ അഭിപ്രായപ്പെട്ടു. ഡിആര്‍എസില്‍ ഔട്ട് വിധിക്കുമ്പോള്‍ ഓള്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം എന്തായിരുന്നു എന്ന് നോക്കേണ്ട കാര്യമില്ലെന്നും സച്ചിന്‍ വ്യക്തമാക്കി.
ഐസിസിയോട് എനിക്ക് ഒരു കാര്യത്തില്‍ യോജിക്കാനാവില്ല. എല്‍ബിഡ്ല്യു തീരുമാനങ്ങളിലെ ഡിആര്‍എസിനെ സംബന്ധിച്ചാണത്. കുറച്ചുകാലമായി ക്രിക്കറ്റില്‍ ഡിആര്‍എസ് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഡിആര്‍എസില്‍ പന്ത് സ്റ്റംപില്‍ തട്ടുമെന്ന് വ്യക്തമായാലും 50 ശതമാനും തീരുമാനങ്ങളും ഇപ്പോഴും ഓണ്‍ഫീല്‍ഡ് അമ്പയറുടെ തീരുമാനം മറിച്ചാണെന്ന് പറഞ്ഞ് നിഷേധിക്കുകയാണ് ചെയ്യുനന്ത്. ഇത് അംഗീകരിക്കാനാവില്ല-സച്ചിന്‍ വ്യക്തമാക്കി.

ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിയല്ലെന്ന് തോന്നുന്നതുകൊണ്ടാണല്ലോ ഡിആര്‍എസിന് പോവുന്നത്. അപ്പോള്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് അമ്പയറുടെ തീരുമാനം തെറ്റാണെന്ന് വ്യക്തമായാല്‍ പിന്നെ വീണ്ടും ഓണ്‍ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തെ വീണ്ടും ആശ്രയിക്കേണ്ടതുണ്ടോ. ടെന്നീസിലേതുപോലെ ഒന്നുകില്‍ ഔട്ട് അല്ലെങ്കില്‍ നോട്ട് ഔട്ട്, അതല്ലാതെ അതിനിടയില്‍ മറ്റൊരു തീരുമാനം ഉണ്ടാകേണ്ട കാര്യമില്ല-സച്ചിന്‍ പറഞ്ഞു.

സച്ചിന്റെ അഭിപ്രായത്തെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗും രംഗത്തെത്തതി. ചില നിമയങ്ങള്‍ മാറ്റേണ്ടിയിരിക്കുന്നുവെന്നായിരുന്നു ഹര്‍ഭജന്റ് മറുപടി.