മുംബൈ: ഒരുപാട് നിയന്ത്രണങ്ങളിലൂടെയാണ് ക്രിക്കറ്റ് കടന്നുപോകുന്നത്. കൊറോണക്കാലമായതിനാല്‍ പര്യടനങ്ങള്‍ക്കെത്തുന്ന ടീമുകള്‍ താരങ്ങള്‍ ബയോ സെക്യൂര്‍ ബബിളില്‍ കഴിയേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. മാത്രമല്ല, ബൗളര്‍മാര്‍ക്ക് പന്തില്‍ ഉമനീര് പുരട്ടാനുള്ള അനുവാദമില്ല. ബൗളര്‍മാരെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത് ഐസിസിയുടെ ഈ തീരുമാനമായിരിക്കുമെന്ന് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര വ്യക്തമാക്കിയിരുന്നു.

ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഇക്കാര്യം തന്നെയാണ് പറയുന്നത്.  കൊവിഡ് പശ്ചാത്തലത്തില്‍ പന്തില്‍ ഉമിനീര്‍ പുരട്ടുന്നതിന് വിലക്കേര്‍പ്പെടുത്തിയത് ബൗളര്‍മാര്‍ക്ക് കനത്ത തിരിച്ചടിയാണെന്ന് സച്ചിന്റെ പക്ഷം. നിലവിലെ തീരുമാനം ബാറ്റ്‌സ്മാന്‍മാര്‍ക്ക് കൂടുതല്‍ മേധാവിത്തം നല്‍കുന്നതാണെന്നും സച്ചിന്‍ പറഞ്ഞു. ബൗളര്‍മാര്‍ പന്തിന്റെ തിളക്കം നിലനിര്‍ത്തുന്നതും ഗതി നിയന്ത്രിക്കുന്നതും ഉമിനീരിന്റെ ഉപയോഗത്തിലൂടെയാണ്. ഇതിന് വിലക്കേര്‍പ്പെടുത്തിയതോടെ ബൗളര്‍മാരുടെ പ്രധാന സഹായം ഇല്ലാതായി. ഉമിനീരിന് പകരം നില്‍ക്കുന്നൊരു കാര്യം ബൗളര്‍മാര്‍ക്കില്ലെന്നും സച്ചിന്‍ പറഞ്ഞു. 

ടെസ്റ്റ് പരന്പരയില്‍ ഇന്ത്യന്‍ പേസര്‍മാര്‍ മികച്ച പ്രകടനം നടത്തുമെന്നാണ് പ്രീതീക്ഷയെന്നും സച്ചിന്‍ പറഞ്ഞു. ഓസീസ് താരങ്ങളെ വെല്ലുവിളിക്കാനുള്ള ബൗളിങ് നിര ഇന്ത്യക്കുണ്ട്. പന്ത് നന്നായി സ്വിങ് ചെയ്യിക്കാന്‍ ശേഷിയുള്ളവരാണ് ഇന്ത്യന്‍ ബൗളര്‍മാര്‍. കൂടാതെ ബൗളിങില്‍ വേരിയേഷനുകള്‍ വരുത്താന്‍ ശേഷിയുള്ളവരാണ്. റിസ്റ്റ് സ്പിന്നര്‍മാരും ഫിംഗര്‍ സ്പിന്നര്‍മാരുമെല്ലാം ടീമിന്റെ മുതല്‍കൂട്ടാണ്. '' സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. 

നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ആദ്യ ടെസ്റ്റിന് ശേഷം ക്യാപ്റ്റന്‍ വിരാട് കോലി നാട്ടിലേക്ക് തിരിക്കും. പിന്നീടുള്ള മൂന്ന് ടെസ്റ്റുകളില്‍ അജിന്‍ക്യ രഹാനെയാണ് ടീമിനെ നയിക്കുക.