മുംബൈ: ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒരും ആഗ്രഹം പറഞ്ഞാല്‍ പിന്നെ അത് എങ്ങനെ നടത്തിക്കൊടുക്കാതിരിക്കും. ഇംഗ്ലണ്ട് കൗണ്ടി ടീമായ യോര്‍ക്‌ഷെയറാണ് സച്ചിന്റെ ആഗ്രഹം നിറവേറ്റാനൊരുങ്ങുന്നത്.

സംഭവം ഇങ്ങനെയാണ്. യോര്‍ക്‌ഷെയര്‍ കൗണ്ടി ടീം കഴിഞ്ഞ ദിവസം പുതിയ ഫ്ലാറ്റ് ക്യാപ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ മുന്‍ ഇംഗ്ലണ്ട് നായകനും യോര്‍ക്‌ഷെയറിന്റെ മുന്‍താരവുമായ മൈക്കല്‍ വോണ്‍ തനിക്കും അതുപോലെ ഒരു ക്യാപ് വേണമെന്ന് ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെ സച്ചിനും തന്റെ ആഗ്രഹം വെളിപ്പെടുത്തി ട്വിറ്ററില്‍ രംഗത്തെത്തി.

അത് അത്യുഗ്രനാണ്. എനിക്കും വേണം ഇതുപോലെ ഒരെണ്ണം. എന്നാല്‍  ഇതിന് വോണ്‍ നല്‍കിയ മറുപടിയാകട്ടെ, ഐപിഎല്ലിന് വരുമ്പോള്‍ താങ്കള്‍ക്കായി ഞാനൊരെണ്ണം കൊണ്ടുവരാം എന്നായിരുന്നു. ഐപിഎല്‍ നീട്ടിവെച്ചതിനാല്‍ സച്ചിന്റെ ആഗ്രഹം നിറവേറാന്‍ ഇനിയും കാത്തിരിക്കണമെന്ന് കരുതിയിരിക്കെയാണ് വോണിന്റെ ട്വീറ്റ് കണ്ട യോര്‍ക്‌ഷെയര്‍ ടീം സച്ചിനായി ക്യാപ് അയച്ചുകൊടുക്കുമെന്ന് വ്യക്തമാക്കിയാത്. താങ്കളുടെ ക്യാപ് ഇതാ വന്നുകൊണ്ടിരിക്കുന്നു എന്നായിരുന്നു യോര്‍ക്‌ഷെയറിന്റെ ട്വീറ്റ്.