ബുക്കിംഗ് പോർട്ടൽ തുറന്ന ആദ്യ മണിക്കൂറുകളിൽ ലക്ഷക്കണക്കിന് ആളുകളാണ് അപ്ലിക്കേക്ഷൻ സന്ദർശിച്ചത്.
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് ആവേശം മടങ്ങിയെത്തുമ്പോൾ ടിക്കറ്റ് വിൽപ്പനയിൽ റെക്കോർഡ് നേട്ടം. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് 12 മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ ആകെ ടിക്കറ്റുകളുടെ 80 ശതമാനവും വിറ്റഴിഞ്ഞതായി സംഘാടകർ ഔദ്യോഗികമായി അറിയിച്ചു.
ബുക്കിംഗ് പോർട്ടൽ തുറന്ന ആദ്യ മണിക്കൂറുകളിൽ ലക്ഷക്കണക്കിന് ആളുകളാണ് അപ്ലിക്കേക്ഷൻ സന്ദർശിച്ചത്. തിരുവനന്തപുരത്ത് മുൻപ് നടന്ന അന്താരാഷ്ട്ര മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പന റെക്കോർഡുകളെല്ലാം കാറ്റിൽ പറത്തുന്ന വേഗതയാണിതെന്ന് ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധികൾ വ്യക്തമാക്കി.
ലോക ക്രിക്കറ്റിലെ കരുത്തരായ ഇന്ത്യയും ന്യൂസിലൻഡും നേർക്കുനേർ വരുന്നു എന്നതും, നീണ്ട ഇടവേളയ്ക്ക് ശേഷം തലസ്ഥാനത്ത് പുരുഷന്മാരുടെ അന്താരാഷ്ട്ര മത്സരം എത്തുന്നു എന്നതും ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. സഞ്ജു സാംസണിന്‍റെ സാന്നിധ്യവും കുറഞ്ഞ ടിക്കറ്റ് നിരക്കും വിൽപ്പനയുടെ വേഗത വർദ്ധിപ്പിച്ച പ്രധാന ഘടകങ്ങളാണ്. ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിച്ച സഞ്ജു ഹോം ഗ്രൗണ്ടില്‍ ആദ്യ മത്സരം കളിക്കാനിറങ്ങുമെന്നത് ആരാധകരുടെ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്.
ക്രിക്കറ്റ് പ്രേമികൾക്കും വിദ്യാർത്ഥികൾക്കും സ്റ്റേഡിയത്തിലിരുന്ന് കളി കാണാൻ സുവർണ്ണാവസരമാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്കായ 250 രൂപയ്ക്ക് വിദ്യാർത്ഥികൾക്ക് മത്സരം കാണാം. കൂടാതെ അപ്പർ ടയർ സീറ്റുകൾക്ക് 500 രൂപയും ലോവർ ടയർ സീറ്റുകൾക്ക് 1200 രൂപയുമാണ് നിശ്ചിയച്ചിരിക്കുന്ന നിരക്കുകൾ. ആരാധകർക്ക് Ticketgenie മൊബൈൽ ആപ്ലിക്കേഷൻ വഴി ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്.
