മുംബൈ: സ്കൂള്‍ കാലഘട്ടം മുതലെ സുഹൃത്തുക്കളാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിനോദ് കാംബ്ലിയും. സ്കൂള്‍ ക്രിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ലോക റെക്കോര്‍ഡ് കൂട്ടുകെട്ടുമുണ്ടാക്കിയിട്ടുണ്ട്. പിന്നീട് ഇന്ത്യന്‍ ടീമിലും ഇരുവരും ഒരുമിച്ചു കളിച്ചു. എന്നാലിപ്പോള്‍ കാംബ്ലിക്ക് മുന്നില്‍ പുതിയൊരു വെല്ലുവിളി നല്‍കിയിരിക്കുകയാണ് സച്ചിന്‍.

2017ല്‍ ലോകകപ്പ് കളിച്ച താരങ്ങള്‍ക്കുള്ള സമര്‍പ്പണമായി ഗായകന്‍ സോനു നിഗത്തിനൊപ്പം സച്ചിന്‍ പാടിയ ക്രിക്കറ്റ് വാലി ബീറ്റിന്റെ റാപ് പതിപ്പ് പാടാനാണ് സച്ചിന്‍ കാംബ്ലിയെ വെല്ലുവിളിച്ചിരിക്കുന്നത്. താങ്കള്‍ക്ക് ഒരാഴ്ച സമയം തരാമെന്നും അതിനുള്ളില്‍ പാടി കേള്‍പ്പിക്കാന്‍ പറ്റുമോ എന്നും സച്ചിന്‍ ചോദിച്ചിട്ടുണ്ട്. പാടിക്കേള്‍പ്പിച്ചില്ലെങ്കില്‍ താങ്കള്‍ എനിക്ക് ചെലവ് ചെയ്യണമെന്നും സച്ചിന്‍ പറഞ്ഞിട്ടുണ്ട്.  

80 കള്‍ മുതല്‍ ലോകകപ്പ് കളിച്ച താരങ്ങളുടെ പേരുകളുപയോഗിച്ചാണ് പാട്ട് പാടിയിരിക്കുന്നത്.

 ജനുവരി 18നായിരുന്നു കാംബ്ലിയുടെ ജന്‍മദിനം. കാംബ്ലിയ്ക്ക് ജന്‍മദിനാശംസ നേര്‍ന്നപ്പോള്‍ സ്കൂള്‍ കാലഘട്ടത്തില്‍ കാംബ്ലി നല്ല ഗായകനും ഡാന്‍സറുമായിരുന്ന കാര്യം സച്ചിന്‍ അനുസ്മരിച്ചിരുന്നു.