കറാച്ചി: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ക്രിക്കറ്റില്‍ തന്‍റെ മാതൃകയെന്ന് പാകിസ്ഥാന്‍ ഓപ്പണര്‍ ആബിദ് അലി. സച്ചിന്‍റെ കളിശൈലി തന്നെ സ്വാധീനിച്ചിട്ടുള്ളതായി ആബിദ് വ്യക്തമാക്കി. 

'ടെന്‍ഡുല്‍ക്കറുടെ കളിശൈലി പിന്തുടരാന്‍ താന്‍ ശ്രമിച്ചിട്ടുണ്ട്. സച്ചിനു സമാനമായ ഉയരമായതിനാല്‍ അദേഹത്തിന്‍റെ വീഡിയോകള്‍ കാണാന്‍ തുടക്കത്തില്‍ ശ്രമിച്ചിരുന്നു. അത് എന്നെ ഏറെ സഹായിക്കുകയും സച്ചിന്‍റെ ബാറ്റിംഗ് കരുത്ത് സ്വീകരിക്കാന്‍ പ്രാപ്തമാക്കുകയും ചെയ്തു. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ മികച്ച ബാറ്റിംഗ് പുറത്തെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ആബിദ് അലി പറഞ്ഞു. 

മുപ്പത്തിരണ്ടുകാരനായ ആബിദ് അലി മികച്ച ഫോമിലാണിപ്പോള്‍. കരിയറിലെ ആദ്യ രണ്ട് ടെസ്റ്റിലും ശ്രീലങ്കയ്‌ക്ക് എതിരെ സെഞ്ചുറി നേടാന്‍ താരത്തിനായി. കഴിഞ്ഞ വര്‍ഷം ഏകദിന അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടാനും ആബിദിനായിരുന്നു. രണ്ട് ടെസ്റ്റുകളില്‍ 321 റണ്‍സും നാല് ഏകദിനങ്ങളില്‍ 191 റണ്‍സും താരത്തിന് സമ്പാദ്യമായുണ്ട്. 

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്‌മാന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സച്ചിന്‍ ടെസ്റ്റില്‍ 15921 റണ്‍സും ഏകദിനത്തില്‍ 18426 റണ്‍സും ആകെ 100 സെഞ്ചുറികളും നേടിയിട്ടുണ്ട്. 2011 ഏകദിന ലോകകപ്പില്‍ ടീം ഇന്ത്യക്കൊപ്പം കിരീടം ഉയര്‍ത്താനും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കായി.