കാല്‍തുടയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് രോഹിത് പിന്മാറിയത്. ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായും രോഹിത്തിനെ പ്രഖ്യാപിച്ചിരുന്നു. പൂര്‍ണ കായികക്ഷമതോടെ അദ്ദേഹം ഏകദിന പരമ്പരയില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്.

ദില്ലി: അവസാന നിമിഷമാണ് രോഹിത് ശര്‍മ (Rohit Sharma) ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്മാറിയത്. കാല്‍തുടയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് രോഹിത് പിന്മാറിയത്. ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായും രോഹിത്തിനെ പ്രഖ്യാപിച്ചിരുന്നു. പൂര്‍ണ കായികക്ഷമതോടെ അദ്ദേഹം ഏകദിന പരമ്പരയില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലാണ് രോഹിത്. 

ഇതിനിടെ രോഹിത്തിന്റെ സവിശേഷതയെ കുറിച്ച് സംസാരിക്കുകയാണ് ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (Sachin Tendulkar). സച്ചിന്റെ വിശദീകരണം... ''മാനസികാവാസ്ഥയാണ് രോഹിത്തിന്റെ ബാറ്റിംഗില്‍ പ്രധാന ഘടകമാകുന്നത്. രോഹിത് എപ്പോഴും ഫ്രീയായിട്ടാണ് കളിക്കുന്നത്. അതുതന്നെയാണ് വേണ്ടത്. അസ്വസ്ഥമയ മനസുമായി നിന്നാല്‍ അത് എതിരാളികള്‍ പ്രയോജനപ്പെടുത്തും. ബാറ്റിംഗിനെത്തുമ്പോള്‍ പോസിറ്റീവ് എനര്‍ജിയാണ് വേണ്ടത്. 

രോഹിത്തിനെപ്പോലെ പോസിറ്റീവ് എനര്‍ജിയുണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. അതിന്റെ പ്രതിഫലനം ബാറ്റ്‌സ്മാന് ലഭിക്കും. അതിലൂടെ ഒഴുക്കോടെ കളിക്കാന്‍ കഴിയും. അസ്വസ്ഥമായിരിക്കുന്ന മനസ് എതിരാളികള്‍ക്ക് ഗുണം ചെയ്യും. ബൗളര്‍മാര്‍ ആക്രമിക്കാന്‍ സുഖമായരിക്കും.'' സച്ചിന്‍ പറഞ്ഞു.

നേരത്തെ രോഹിത്തിന് പകരം ടെസ്റ്റ് ടീമില്‍ പ്രിയങ്ക് പാഞ്ചലിനെ ഉള്‍പ്പെടുത്തിയിരുന്നു. കെ എല്‍ രാഹുല്‍ വൈസ് ക്യാപ്റ്റനുമായി. ഏകദിന ടീമിന്റെ ക്യാപ്റ്റന്‍സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള രോഹിത്തിന്റെ ആദ്യ വിദേശ പര്യടനമായിരിക്കുമിത്.