മുംബൈ: മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റിലെ ചരിത്ര വിജയത്തിനുശേഷം ആരാധകര്‍ അജിങ്ക്യാ രഹാനെയുടെ ക്യാപ്റ്റന്‍സി മികവിനെ പുകഴ്ത്തുന്നതിനിടെ വിരാട് കോലിയുടെയും അജിങ്ക്യാ രഹാനെയുടെയും ക്യാപ്റ്റന്‍സിയെ താരതമ്യം ചെയ്യേണ്ടെന്ന് വ്യക്തമാക്കി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. കോലിയും രഹാനെയും രണ്ട് വ്യത്യസ്ത മനുഷ്യരാണെന്നും അതിനാല്‍ ഇരുവരുടെയും ശൈലികളും അതുപോലെ വ്യത്യാസമുണ്ടാകുമെന്നും സച്ചിന്‍ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

രണ്ടുപേരും ഇന്ത്യക്കായാണ് കളിക്കുന്നത് എന്ന് മറക്കരുത്. വ്യക്തികളല്ല ടീമും രാജ്യവുമാണ് എല്ലാറ്റിനും മുകളില്‍. മെല്‍ബണ്‍ ടെസ്റ്റില്‍ രഹാനെയുടെ ബാറ്റിംഗും ക്യാപ്റ്റന്‍സിയും ഉജ്ജ്വലമായിരുന്നു. ശാന്തമായും പക്വതയോടെയുമാണ് രഹാനെ മെല്‍ബണില്‍ ഇന്ത്യയെ നയിച്ചത്. അക്രമണോത്സകതയുള്ള നായകനാണ് രഹാനെ. പക്ഷെ ശാന്തതയും അക്രമണോത്സുകതയും തമ്മില്‍ ശരിയായ സന്തുലനം അദ്ദേഹം എപ്പോഴും ഉറപ്പാക്കി.

ബാറ്റ് ചെയ്തപ്പോഴാകട്ടെ ബൗണ്ടറി അടിക്കാനുള്ള പന്താണെങ്കില്‍ മടിച്ചുനില്‍ക്കാതെ ബൗണ്ടറി നേടി. ശരിയായ സമീപനമായിരുന്നു മെല്‍ബണില്‍ രഹാനെയുടേത്. അതുപോലെ സീനിയര്‍ താരങ്ങളടക്കം ടീം അംഗങ്ങളെല്ലാം മികവുറ്റ പ്രകടനമാണ് പുറത്തെടുത്തത്. അതേസമയം, ഓസ്ട്രേലിയന്‍ ബാറ്റിംഗിന്‍റെ കാര്യമെടുത്താല്‍ സ്ഥിരതയില്ലായ്മയാണ് അവരെ പ്രതികൂലമായി ബാധിച്ചത്. സ്വന്തം സ്ഥാനം നിലനിര്‍ത്താന്‍ മത്സരിക്കുന്നവരുടെ ടീമില്‍ നിന്ന് സ്ഥിരതയില്ലാത്ത പ്രകടനമാണ് പുറത്തുവരുന്നത്.

മുമ്പുണ്ടായിരുന്ന ഓസീസ് ടീമുകള്‍ ഇങ്ങനെയായിരുന്നില്ല. ഓരോരുത്തരും ടീമിലെ അവരുടെ സ്ഥാനങ്ങളില്‍ ഉറപ്പുള്ളവരായിരുന്നു. നിലവിലെ ഓസീസ് ടീമില്‍ പലരും ഫോമിലല്ല. അതുകൊണ്ടുതന്നെ അവരുടെ സ്ഥാനം സ്ഥിരതയില്ലാത്തതുമാണ്. അശ്വിനും സ്മിത്തും തമ്മിലുള്ള പോരാട്ടം പരമ്പരയെ ആവേശകരമാക്കുന്നുണ്ടെന്നും പരമ്പര പൂര്‍ത്തിയാവുമ്പോള്‍ ഇതില്‍ ആരാണ് വിജയി എന്ന് അറിയാനാകുമെന്നും സച്ചിന്‍ പറഞ്ഞു.