സിഡ്നി: ഓസ്‌ട്രേലിയന്‍ സെന്‍സേഷന്‍ മാര്‍നസ് ലബുഷെയ്‌ന്‍ തന്നെ ഓര്‍മ്മിപ്പിക്കുന്നതായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ബുഷ്‌ഫയര്‍ ക്രിക്കറ്റ് മത്സരത്തിനായി സിഡ്‌നിയില്‍ എത്തിയപ്പോഴാണ് സച്ചിന്‍റെ പ്രതികരണം. ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ യുവ്‌രാജ് സിംഗും സച്ചിന് ഒപ്പമുണ്ടായിരുന്നു. മെല്‍ബണില്‍ നാളെയാണ് മത്സരം. 

ആഷസ് പരമ്പരയില്‍ ലോര്‍ഡ്‌സിലെ മാര്‍നസ് ലബുഷെയ്‌ന്‍റെ രണ്ടാം ഇന്നിംഗ്‌സ് കണ്ടിരുന്നു. താരത്തിന്‍റെ ഫൂട്ടുവര്‍ക്ക് വിസ്‌മയകരമാണ്. ഫൂട്ട്‌വര്‍ക്ക് ശാരീരികം മാത്രമല്ല, മാനസികം കൂടിയാണ്. അതിനാല്‍  മാര്‍നസിന്‍റെ മനക്കരുത്ത് അപാരമാണ്. മാര്‍നസ് തന്നോട് സാമ്യമുള്ള താരമാണ് എന്ന് സച്ചിന്‍ പറഞ്ഞതായി ഐസിസി ട്വീറ്റ് ചെയ്തു. 

ബുഷ്‌ഫയര്‍ ക്രിക്കറ്റ് മത്സരത്തിനായി ഓസ്‌ട്രേലിയയില്‍ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സച്ചിന്‍ പറഞ്ഞു. 'ഇതൊരു മുന്നറിയിപ്പാണ്. എത്രത്തോളം പേരെ കാട്ടുതീ ബാധിച്ചെന്ന് നാം കണ്ടതാണ്. മനുഷ്യന് മാത്രമല്ല, വന്യജീവികള്‍ക്കും നാശമുണ്ടായി, ചിലപ്പോള്‍ അതിനെക്കുറിച്ചാരും സംസാരിക്കില്ല. ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കാനും ധനസമാഹരണത്തിനുമായി എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്'- സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. 

ഓസീസ് ഇതിഹാസ നായകന്‍ റിക്കി പോണ്ടിംഗ് നയിക്കുന്ന ഇലവനെ പരിശീലിപ്പിക്കാനാണ് സച്ചിന്‍ എത്തിയത്. ഷെയ്‌ന്‍ വോണ്‍ പിന്‍മാറിയതോടെ ആദം ഗില്‍ക്രിസ്റ്റാണ് രണ്ടാം ടീമിനെ നയിക്കുക. സിഡ്‌നിയിലെ മഴയെ തുടര്‍ന്ന് മത്സരത്തിന്‍റെ വേദി മെല്‍ബണിലേക്ക് മാറ്റിയിരുന്നു. ബ്രയാന്‍ ലാറ, ജസ്റ്റിന്‍ ലാംഗര്‍, മാത്യു ഹെയ്ഡന്‍, വസീം അക്രം, ബ്രെറ്റ് ലീ, യുവ്‌രാജ് സിംജ്, ഷെയ്‌ന്‍ വാട്‌സണ്‍, കോട്‌നി വാള്‍ഷ് തുടങ്ങിവര്‍ മത്സരത്തിന്‍റെ ഭാഗമാകും.