മുംബൈ: കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മഹത്തായ കായിക മുഹൂര്‍ത്തത്തിനുള്ള 'ഗ്രേറ്റസ്റ്റ് ലോറസ് സ്‌പോര്‍ട്ടിംഗ് മൊമന്‍റ് 2000-2020' ചുരുക്കപ്പട്ടികയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ലോകകപ്പ് നേട്ടവും ഇടം നേടി. ഫെബ്രുവരി 16ന് അവസാനിക്കുന്ന അവസാന റൗണ്ട് വോട്ടിംഗിനുശേഷം 17ന് പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കും.

ഒരു രാജ്യത്തിന്റെ പ്രതീക്ഷകളെ മുഴുവന്‍ ചുമലിലേറ്റി ഇന്ത്യയെ ലോകകപ്പ് നേട്ടത്തിലേക്ക് നയിച്ചതിനാണ് സച്ചിന് നാമനിര്‍ദേശം ലഭിച്ചത്. വിവിധ കായിക ഇനങ്ങളിലായി ആകെ 20 പേര്‍ക്കാണ് നാമനിര്‍ദേശം ലഭിച്ചത്. നാമനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആരംഭിച്ച വോട്ടിംഗില്‍ ആദ്യ രണ്ട് ഘട്ടം പൂര്‍ത്തിയായപ്പോഴാണ് കായികരംഗത്തെ ഓസ്‌കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോറസ് പുരസ്‌കാരത്തിന് അന്തിമ ചുരുക്കപ്പട്ടികയില്‍ സച്ചിന്റെ നേട്ടവും ഇടം നേടിയത്.

സച്ചിന്‍റെ കരിയറിലെ ആറാം ലോകകപ്പിലായിരുന്നു 2011ല്‍  ഇന്ത്യ രണ്ടാമത്തെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. സച്ചിന് നോമിനേഷന്‍  ലഭിച്ചത് ക്രിക്കറ്റിന്‍റെ മഹത്തായ നിമിഷമാണെന്ന് ലോറസ് അക്കാദമി അംഗം കൂടിയായ ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് വോയുടെ നേരത്തെ പ്രതികരിച്ചിരുന്നു. 2002ല്‍ ഓസീസ് ക്രിക്കറ്റ് ടീം  ലോറസ് ടീം ഓഫ് ദ് ഇയര്‍ ആയിതെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ആരാധകര്‍ക്കായുള്ള വോട്ടിംഗിലൂടെയാണ് ലോറസ് സ‌പോര്‍ട്ടിംഗ് മൊമന്‍റ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുക്കുക. ജനുവരി 10ന് തുടങ്ങിയ വോട്ടിംഗ് ഫെബ്രുവരി 16ന് അഴസാനിക്കും. ബര്‍ലിനില്‍ ഈ മാസം 17ന് ലോറസ് കായിക പുരസ്‌കാരങ്ങളുടെ 20-ാം വാര്‍ഷികത്തില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്‌മാന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ടെസ്റ്റില്‍ 15921 റണ്‍സും ഏകദിനത്തില്‍ 18426 റണ്‍സും 100 രാജ്യാന്തര സെഞ്ചുറികളും നേടിയിട്ടുണ്ട്.