മുള്ളൻപൂരാണ് രണ്ടാം മത്സരത്തിന് വേദിയാകുക. ആദ്യ മത്സരത്തിൽ 101 റൺസിന്റെ മിന്നും വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്.
മുള്ളൻപൂര്‍: ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. മുള്ളൻപൂരിലെ മഹാരാജ യാദവീന്ദ്ര സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി 7 മണിയ്ക്കാണ് മത്സരം ആരംഭിക്കുക. കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ 101 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പരയിൽ മുന്നിലെത്തിയിരുന്നു.
ആദ്യ മത്സരത്തിലെ മിന്നും വിജയം നൽകിയ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇറങ്ങുന്നതെങ്കിലും മുൻനിര ബാറ്റര്‍മാരുടെ പ്രകടനം ഇന്ത്യയ്ക്ക് തലവേദനയാകുകയാണ്. സമീപകാലത്ത് ടി20 മത്സരങ്ങളിൽ നായകൻ സൂര്യകുമാര്‍ യാദവും വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും തുടര്‍ച്ചയായി പരാജയപ്പെടുന്ന കാഴ്ചയാണ് കാണാനാകുന്നത്. 2025ൽ 16 ഇന്നിംഗ്സുകളിൽ നിന്ന് വെറും 196 റൺസ് മാത്രമാണ് സൂര്യകുമാര്‍ യാദവ് നേടിയത്. ഒരു അര്‍ധ സെഞ്ചറി പോലും താരത്തിന് ഈ വര്‍ഷം കണ്ടെത്താനായിട്ടില്ല. ശരാശരിയാകട്ടെ 15.07. പുറത്താകാതെ നേടിയ 47 റൺസാണ് ഉയര്‍ന്ന സ്കോര്‍. ടി20 ലോകകപ്പ് അടുത്തിരിക്കെ ഇന്ത്യൻ നായകൻ ഫോമിലേയ്ക്ക് മടങ്ങിയെത്തിയേ തീരൂ.
മറുവശത്ത് ഏഷ്യാ കപ്പ് മുതല്‍ മലയാളി താരം സഞ്ജു സാംസണ് പകരം ടി20യിൽ ഓപ്പണറായി ഇറങ്ങുന്ന ഗില്ലിനെ സംബന്ധിച്ചിടത്തോളം ഇനിയുള്ള മത്സരങ്ങൾ നിര്‍ണായകമാണ്. ടി20 കണക്കുകൾ മാറ്റിനിര്‍ത്തിയാൽ 2025 ഗില്ലിന് മികച്ച വര്‍ഷമാണ്. ടെസ്റ്റിൽ 70ന് മുകളിലും ഏകദിനത്തിലും ഐപിഎല്ലിലും 50ന് അടുത്തും ശരാശരി കണ്ടെത്താൻ ഗില്ലിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ടി20യിൽ 26.03 ആണ് ഈ വര്‍ഷം ഗില്ലിന്റെ ശരാശരി എന്നത് ടീം മാനേജ്മെന്റിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. സഞ്ജുവിന് ഇന്നത്തെ മത്സരത്തിൽ നറുക്ക് വീഴുമോയെന്നാണ് ഇനി അറിയാനുള്ളത്.
റൺസ് ഒഴുകുന്ന മുള്ളൻപൂരിലാണ് രണ്ടാം ടി20 മത്സരം നടക്കുന്നത്. മത്സരത്തിനിടെ മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ടോസ് നേടുന്ന ടീം ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. ആദ്യ മത്സരത്തില്‍ ഇരു ടീമുകളുടെയും ബാറ്റിംഗ് പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നിരുന്നില്ല. ഇന്ത്യയ്ക്ക് വേണ്ടി, ഹാർദിക് പാണ്ഡ്യ മാത്രമാണ് 50 റൺസ് കടന്നത്. ഇന്ത്യയെ 175-6 എന്ന മാന്യമായ സ്കോറിലേക്ക് എത്തിച്ചത് ഹര്‍ദിക്കിന്റെ പ്രകടനമായിരുന്നു. മറുവശത്ത് ദക്ഷിണാഫ്രിക്ക 74 റൺസിന് എല്ലാവരും പുറത്താകുകയും ചെയ്തു.
സാധ്യതാ ഇലവൻ
ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ്മ, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.
ദക്ഷിണാഫ്രിക്ക: ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ഐഡൻ മാർക്രം (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ഡോണോവൻ ഫെരേര, മാർക്കോ യാൻസെൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, ആൻറിച്ച് നോർക്കിയ, ലുങ്കി എൻഗിഡി.


